തൃശൂര്‍: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. നാളെ മുതല്‍ ക്ഷേത്രം നട ഉച്ചയ്ക്ക് 12 മണിക്ക് അടയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

വൈകുന്നേരത്തെ ദര്‍ശനം ദീപാരാധന വരെ മാത്രമാക്കി ചുരുക്കിയിട്ടുണ്ട്. മുന്‍കൂട്ടി നിശ്ചയിച്ച വിവാഹങ്ങള്‍ ഉച്ചയ്ക്ക് 12 മണിക്ക് മുന്‍പ് പൂര്‍ത്തിയാക്കാനും ഗുരുവായൂര്‍ ദേവസ്വം തീരുമാനിച്ചു. ക്ഷേത്രം മാനേജ്മെന്റ് കമ്മറ്റി വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

കൊറോണയുടെ രണ്ടാം ഘട്ട വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ക്ഷേത്രത്തില്‍ നേരത്തെ തന്നെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ക്ഷേത്ര ദര്‍ശനത്തിന് ഓണ്‍ലൈനായി ബുക്ക് ചെയ്ത് വരുന്ന വളരെ കുറച്ച്‌ പേര്‍ക്ക് മാത്രമേ പ്രവേശനം അനുവദിച്ചിരുന്നുള്ളൂ. വ്യാപനം അതിരൂക്ഷമായതോടെയാണ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കാന്‍ തീരുമാനിച്ചത്.