പത്തനംതിട്ട: നഴ്സിങ് വിദ്യാര്‍ഥിനിയായ മകളുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ നീക്കണമെന്ന് മാതാപിതാക്കള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. റാന്നി പെരുനാട് പുതുക്കട ചെമ്ബാലൂര് ചരിവുകാലായില്‍ അനൂപിന്റെ മകള്‍ അക്ഷയ അനൂപിന്റെ (20) മരണവുമായി ബന്ധപ്പെട്ട കേസിലാണ് അന്വേഷണം വഴിമുട്ടിയതായി ആരോപണമുയര്‍ന്നത്. കഴിഞ്ഞ ഫെബ്രുവരി എട്ടിനു രാത്രി ഏഴോടെ അക്ഷയ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മകളെ മരണത്തിലേക്കു തള്ളിവിട്ട സംഭവം പുറത്തുവരണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം. പ്രദേശവാസിയായ ഒരുയുവാവ് മകളെ നിരന്തരം ശല്യം ചെയ്തിരുന്നുവെന്നും ഈ ബന്ധം ഒഴിവാക്കാന്‍ പലതവണ ശ്രമം നടന്നതാണെന്നും മാതാപിതാക്കള്‍ പറഞ്ഞു. സംഭവദിവസവും യുവാവ് അക്ഷയയെ ഫോണില്‍ വിളിച്ച് ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. മകളുടെ സുഹൃത്തുക്കളായ മറ്റൊരു പെണ്‍കുട്ടി ഇത് വ്യക്തമായി മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍, അക്ഷയ ഉപയോഗിച്ച ഫോണ്‍ പരിശോധിക്കാന്‍ പോലും അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. ആത്മഹത്യയെന്ന് എഴുതിത്തള്ളാനാണ് തുടക്കം മുതല്‍ പോലീസ് ശ്രമിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ ആദ്യം തീരുമാനിക്കുകയും പിന്നീട് ചില സമ്മര്‍ദങ്ങള്‍ക്കു വഴങ്ങി മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തുകയുമായിരുന്നു. റവന്യു ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലല്ല പോസ്റ്റുമോര്‍ട്ടം നടത്തിയത്.
മരണത്തിലെ ദുരൂഹതകള്‍ ചൂണ്ടിക്കാട്ടി മകളുടെ ഡയറി ഉള്‍പ്പെടെയുള്ള രേഖകളുമായി ഫെബ്രുവരി 18-നു പിതാവ് അനൂപ് പെരുനാട് പോലീസില്‍ പരാതി നല്‍കിയിരുന്നു. ശാസ്ത്രീയ അന്വേഷണത്തിലൂടെ മാത്രമേ പ്രതികളെ കണ്ടെത്താനാകൂ. ഡിജിറ്റല്‍ തെളിവുകള്‍ നഷ്ടപ്പെടാതെ എടുക്കാനാകണം. എന്നാല്‍, ഇതിനുള്ള ശ്രമം പോലീസ് നടത്തുന്നില്ല. ജില്ലാ പോലീസ് മേധാവിക്ക് ഇതുസംബന്ധിച്ചു പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ല. തുടര്‍ന്ന് നീതിപൂര്‍വമായ അന്വേഷണം തേടി ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതായി അച്ഛന് അനൂപും അമ്മ ആശ ടി. ഉത്തമനും പറഞ്ഞു. ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹി ബിജു മോടിയിലും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
യുവാവ് നിരന്തരം ശല്യംചെയ്തു, ഫോണ്‍ പോലും പോലീസ് പരിശോധിച്ചില്ല; മകളുടെ മരണത്തില്‍ നീതി തേടി മാതാപിതാക്കള്‍
