ഭാര്യ മരിച്ച്‌ അഞ്ച് വര്‍ഷമായി തനിച്ചു കഴിയുന്ന 71 കാരനായ അച്ഛനെ മകള്‍ വിവാഹം കഴിപ്പിച്ചു. ഫോട്ടോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ. മകളായ അദിതി തന്നെയാണ് പിതാവിന്റെ വിവാഹ ഫോട്ടോ ട്വിറ്ററില്‍ പങ്കുവെച്ചത്. മാസ്‌ക് ധരിച്ച നവദമ്പതികളുടെ ചിത്രത്തിന് ട്വിറ്ററില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.

‘ഇത് എന്റെ 71 വയസ്സുള്ള അച്ഛനാണ്, 5 വര്‍ഷത്തോളം തനിച്ചായിരുന്നു. ശേഷം ഒരു വിധവയായ സ്ത്രീയെ വീണ്ടും വിവാഹം കഴിച്ചു. ആരും ഏകാന്തത അനുഭവിക്കേണ്ടവരല്ല. അതിനാല്‍ തന്നെ അദ്ദേഹം മറ്റൊരു വിവാഹം കഴിക്കണമെന്ന് എപ്പോഴും ഞാന്‍ ആഗ്രഹിച്ചു’- ചിത്രം പങ്കുവെച്ച്‌ അദിതി കുറിച്ചതിങ്ങനെ. ചിത്രത്തിന് 22700 ലധികം ലൈക്കുകള്‍ നേടി.

‘എന്നാല്‍ പുനര്‍വിവാഹം എപ്പോഴും സങ്കീര്‍ണ്ണമാണ്. പുനര്‍വിവാഹത്തിന് ഇന്ത്യയില്‍ കൃത്യമായ ഒരു നിയമവ്യവസ്ഥിതിയുമില്ല. പണം ചോദിക്കുന്ന സ്ത്രീകളുണ്ട്. ഒഴിയാബാധ പോലെ പിന്തുണ്ടരുന്നവരുമുണ്ട്. സമൂഹം അവരെ സ്വീകരിക്കുമോ എന്ന് ഞങ്ങള്‍ക്ക് ഇപ്പോഴും അറിയില്ല. അങ്ങനെയുള്ളവര്‍ പരസ്പരം പൊരുത്തപ്പെടുമോയെന്ന് ഞങ്ങള്‍ക്ക് അറിയില്ലെന്നും മകള്‍ പറഞ്ഞു.

ചിത്രത്തിന് താഴെ ഒരു ഉപയോക്താവ് പറഞ്ഞു, ‘ഇങ്ങനെയായിരിക്കണം. ഒരാള്‍ക്ക് ഒരു കൂട്ട് എപ്പോഴും ആവശ്യമാണ്, അത് നിങ്ങള്‍ പ്രായമാകുമ്പോഴാണ് കൂടുതല്‍ വേണ്ടത്. അഭിനന്ദനങ്ങള്‍!’ മറ്റൊരാള്‍ എഴുതി, ‘വൃത്തികെട്ട ‘നിയമങ്ങളും കളങ്കവും’ കാരണം നിങ്ങള്‍ ദു:ഖിതനും ഏകാന്തനുമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഒരു സമൂഹമാണ് ഇവിടെ. എല്ലാ കാര്യങ്ങളും അദ്ദേഹത്തിന്റെ സന്തോഷമാണ്. അച്ഛന് ഇങ്ങനെയൊരു വിവാഹം നടത്തിയതിന് മകള്‍ക്ക് അഭിനന്ദനങ്ങള്‍. എല്ലാ അച്ഛന്‍മാര്‍ക്കും അതിഥിയെപ്പോലൊരു മകള്‍ വേണമെന്നും ദമ്പതികള്‍ ആയുരാരോഗ്യ സൗഖ്യം നേരുന്നുവെന്നും ചിലര്‍ കുറിച്ചു.