തിരുവനന്തപുരം : കൊവിഡ് ബാധിത പ്രദേശങ്ങളില്‍ അസുഖ ബാധിതരെയും ക്വാറന്റൈനില്‍ കഴിയുന്നവരെയും നിരീക്ഷിക്കുന്നതിനും സഹായിക്കുന്നതിനും വനിതാ പൊലീസ് ബുളളറ്റിലെത്തും. തൃശൂര്‍ സിറ്റിയില്‍ വിജയകരമായി നടപ്പാക്കിയ ബുള്ളറ്റ് പട്രോള്‍ സംഘത്തെ എല്ലാ ജില്ലയിലും വ്യാപിപ്പിക്കാന്‍ ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്കി.
വോട്ടെണ്ണല്‍ ദിവസം പോളിംഗ് ഏജന്റുമാര്‍ക്ക് ആര്.ടി.പി.സി.ആര് പരിശോധനാഫലം വേണമെന്ന് നിര്‍ദേശിച്ചിരുന്നെങ്കിലും ,തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനമനുസരിച്ച് തലേ ദിവസത്തെ ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ് റിസല്ട്ടുള്ളവരെയും പ്രവേശിപ്പിക്കും. നിയമലംഘകരെ കണ്ടെത്തുന്നതിന് ഡ്രോണ്‍ നിരീക്ഷണം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. മാസ്ക് ധരിക്കാത്ത 20,214 പേര്‍ക്കെതിരെയാണ് 24 മണിക്കൂറിനുളളില്‍ സംസ്ഥാനത്ത് കേസെടുത്തത്. സാമൂഹിക അകലം പാലിക്കാത്തതിന് 8,132 കേസുകളും.
വൈറസ് വ്യാപനം രൂക്ഷമായിരിക്കെ, ചെറിയ അശ്രദ്ധ ഉറ്റവരുടെ ജീവന് നഷ്ടപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തന്റെ അശ്രദ്ധ കൊണ്ടാണ് അമ്മ മരണപ്പെട്ടതെന്ന് പറഞ്ഞ് ആശുപത്രിയില്‍ വിലപിക്കുന്ന ഒരു യുവാവിനെക്കുറിച്ചുള്ള സോഷ്യല്‍ മീഡിയ പോസ്റ്റ് വായിക്കാനിടയായി. സ്വന്തം ജാഗ്രതക്കുറവ് കാരണം ഏറ്റവും പ്രിയപ്പെട്ട ഒരാള്‍ നഷ്ടപ്പെടുന്നതില്‍ കവിഞ്ഞ് വലിയ വേദന എന്താണുള്ളത്. അത് കുറ്റബോധമായി ജീവിതകാലം മുഴുവന്‍ വേടയാടും. അതു സംഭവിക്കില്ലന്ന് നമ്മളെല്ലാവരും ഉറപ്പു വരുത്തണം. – മുഖ്യമന്ത്രി പറഞ്ഞു.