തിരുവനന്തപുരം : നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാന്‍ സംസ്ഥാന മന്ത്രിസഭ യോഗം ഇന്ന് ചേരും. സിബിഐ അന്വേഷണത്തെ തടയുന്നതിനുള്ള നടപടികള്‍ മന്ത്രിസഭയുടെ പരിഗണനക്ക് വന്നേക്കും. മന്ത്രിമാരുടെ അധികാരം വെട്ടിക്കുറക്കുന്ന റൂള്‍സ് ഓഫ് ബിസിനസും, ബാറുകള്‍ തുറക്കുന്ന വിഷയത്തിലും തീരുമാനം ഉണ്ടാകാനാണ് സാധ്യത.

തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നേ സുപ്രധാന വിഷയങ്ങളില്‍ തീരുമാനമെടുക്കാനാണ് മന്ത്രിസഭ ചേരുന്നത്. സംസ്ഥാനത്ത് സിബിഐ അന്വേഷണത്തിന് അനുമതി പിന്‍വലിക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മന്ത്രിസഭായോഗം തീരുമാനമെടുത്തേക്കും. മന്ത്രിമാരുടെ അധികാരം വെട്ടി കുറക്കുന്ന റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതിയും മന്ത്രിസഭയുടെ പരിഗണനയ്ക്ക് വന്നേക്കാം. ഘടകകക്ഷി മന്ത്രിമാരുടെ എതിര്‍പ്പുമൂലം വിവാദത്തിലായ വിഷയമാണിത്. മന്ത്രിസഭാ ഉപസമിതി അവസാനം യോഗം ചേര്‍ന്നപ്പോഴും ഘടകകക്ഷി മന്ത്രിമാര്‍ ശക്തമായി എതിര്‍ത്തതിനാല്‍ വിവാദ വ്യവസ്ഥകള്‍ ഒഴിവാക്കാനാണ് സാധ്യത. അതേസമയം മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും അമിത അധികാരം നല്‍കുന്ന വ്യവസ്ഥകളില്‍ എത്രത്തോളം വിട്ടുവീഴ്ച ഉണ്ടാകും എന്നതും വ്യക്തമല്ല.

ബാറുകള്‍ തുറക്കുന്നതും പരിഗണനയിലുണ്ട്. നിലവില്‍ ബാറില്‍ നിന്നും മദ്യം പാര്‍സല്‍ വാങ്ങാന്‍ മാത്രമെ അനുമതിയുള്ളു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുന്‍പ് ഇത് സംബന്ധിച്ച്‌ തീരുമാനം എടുക്കാത്ത പക്ഷം ഡിസംബര്‍ അവസാനവാരമെ ഈ വിഷയം പരിഗണിക്കാന്‍ കഴിയൂ. യുജിസി ശമ്ബളപരിഷ്കരണം ലഭിക്കാതെ കോളേജുകളില്‍ നിന്നും വിരമിച്ച അധ്യാപകര്‍ക്ക് യുജിസി നിരക്കില്‍ പെന്‍ഷന്‍ അനുവദിക്കുന്നതിനുള്ള നിര്‍ദ്ദേശവും പരിഗണിച്ചേക്കും. തദ്ദേശ തെരഞ്ഞെടുപ്പില്‍ നേട്ടം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഏതാനും പദ്ധതികള്‍ കൂടി പ്രഖ്യാപിക്കുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. ചില സ്ഥാപനങ്ങളില്‍ സിപിഎം അനുഭാവികളായ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന ശുപാര്‍ശകള്‍ സര്‍ക്കാരിന് മുന്നിലുണ്ട്.