ആങ്കറ: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം അതിവേഗം പടരുന്നതിനിടെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച്‌ തുര്‍ക്കി ഭരണകൂടം. ഏപ്രില്‍ 29 മുതല്‍ മേയ് 17 വരെ രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ നടപ്പിലാക്കുമെന്നും അവശ്യ വസ്തുക്കളെ ലോക്ക് ഡൗണില്‍നിന്ന് നിന്നൊഴിവാക്കിയിട്ടുണ്ടെന്നും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു.

തിങ്കളാഴ്ച (ഏപ്രില്‍-26) ചേര്‍ന്ന മന്ത്രിസഭ യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. തിങ്കളാഴ്ച തുര്‍ക്കിയിലെ ദിവസേനയുള്ള കൊവിഡ് 19 കേസുകളുടെ എണ്ണം 37,000 ആയി വര്‍ധിച്ചിട്ടുണ്ട്. ഒരു നഗരത്തില്‍ നിന്നു മറ്റൊരു നഗരത്തിലേക്ക് യാത്ര ചെയ്യുന്നതിന് ഔദ്യോഗിക അനുമതി തേടണം. എല്ലാ സ്‌കൂളുകളും അടച്ചിടും. ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റും. പൊതുഗതാഗതം നിയന്ത്രിക്കും. ജനങ്ങള്‍ വീടുകളില്‍തന്നെ ഇരിക്കണമെന്നും നിര്‍ദേശമുണ്ട്.

ഏപ്രില്‍ പകുതി മുതല്‍ കോവിഡ് വ്യാപനത്തില്‍ കുറവുണ്ടെങ്കിലും ലോകത്തെ ഉയര്‍ന്ന കോവിഡ് നിരക്കില്‍ നാലാം സ്ഥാനം തുര്‍ക്കിക്കാണ്. അത്യാവശ്യ ഷോപ്പിങ് യാത്രകളും അടിയന്തിര ആശുപത്രി ചികിത്സയും ഒഴികെ ഒന്നിനും ആരും പുറത്തിറങ്ങരുത്. അടിയന്തിര സേവന തൊഴിലാളികള്‍, ഭക്ഷ്യഉല്‍പാദന മേഖലകളിലെ ജീവനക്കാര്‍ എന്നിവരുള്‍പ്പെടെയുള്ള ഗ്രൂപ്പുകളെ ഇതില്‍ നിന്നും ഒഴിവാക്കുമെന്നും അധികൃതര്‍ അറിയിച്ചു.