തുടര്‍ച്ചയായ നാല് തോല്‍വികള്‍ക്ക് ശേഷം വിജയ വഴിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഓയിന്‍ മോര്‍ഗന്‍ നയിക്കുന്ന കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്. ഇന്നലെ പഞ്ചാബിനെതിരായ ജയത്തോടെ കൊല്‍ക്കത്ത പോയിന്റ് ടേബിളില്‍ അഞ്ചാമതെത്തിയിരിക്കുകയാണ്. മത്സരത്തില്‍ മോര്‍ഗനെയാണ് കളിയിലെ താരമായി തിരഞ്ഞെടുത്തത്.

ബാറ്റ്‌സ്മാനെന്ന നിലയില്‍ മോര്‍ഗനെ സംബന്ധിച്ച്‌ അത്ര മികച്ച ഐ.പി.എല്‍. സീസണല്ല ഇത്തവണത്തേത്. ആദ്യത്തെ അഞ്ചു മല്‍സരങ്ങളില്‍ നിന്നും ഒമ്ബത് എന്ന ദയനീയ ശരാശരിയില്‍ 112.50 സ്‌ട്രൈക്ക് റേറ്റോടെ വെറും 45 റണ്‍സ് മാത്രമേ അദ്ദേഹം നേടിയിരുന്നുള്ളൂ. ഇന്നലത്തെ മല്‍സരത്തില്‍ പുറത്താകാതെ 47 റണ്‍സെടുത്ത മോര്‍ഗന്‍ ടീമിന്റെ ടോപ് സ്കോറര്‍ കൂടി ആയിരുന്നു. തുടര്‍ച്ചയായ തോല്‍വികളുടെ സമ്മര്‍ദ്ദത്തിലാണ് പഞ്ചാബിനെതിരേ കെ.കെ.ആര്‍. ഇറങ്ങിയത്. സ്പിന്നര്‍മാരെ ഉപയോഗിച്ചാണ് കെ.കെ.ആര്‍. പഞ്ചാബിനെ പിടിച്ചുകെട്ടിയത്. ടീമിന്റെ ആ തന്ത്രത്തിന് മുന്നില്‍ പഞ്ചാബ് കൃത്യമായി വീഴുകയും ചെയ്തു. എന്നാല്‍ മത്സരത്തിനിടയില്‍ ഉണ്ടായ ഒരു സംഭവത്തിനെതിരെ പ്രതികരിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സേവാഗ്.

മത്സരത്തിനിടെ കൊല്‍ക്കത്ത ടീം പരിശീലകര്‍ കോഡുകള്‍ ഉപയോഗിച്ച്‌ ക്യാപ്റ്റന്‍ മോര്‍ഗന് എന്തോ നിര്‍ദേശം നല്‍കിയിരുന്നു. 54 എന്ന ബോര്‍ഡ് വെച്ചാണ് പരിശീലക സംഘം മോര്‍ഗന് സന്ദേശം കൈമാറിയത്. നേരത്തെ തയാറാക്കിയ ഗെയിം പ്ലാനിന്റെ ഭാഗമായിരുന്നു അത്. ഇത്തരം പ്രവൃത്തികള്‍ ക്യാപ്റ്റന്റെ വില നഷ്ടപ്പെടുത്തുമെന്നാണ് സേവാഗ് പറയുന്നത്.

“പട്ടാളത്തിലാണ് ഇത്തരം കോഡ് ഭാഷകള്‍ കാണാറുള്ളത്. 54 എന്നത് അവരുടെ ടീമിന്റെ പദ്ധതിയുടെ ഭാഗമാണെന്നാണ് കരുതുന്നത്. ഒരു പ്രത്യേക സമയത്ത് ആ ബൗളറെക്കൊണ്ട് തന്നെ പന്തെറിയിക്കണം എന്ന് സൂചന നല്‍കിയതാവാം അത്. ക്യാപ്റ്റനെ സഹായിക്കാമെന്ന ലക്ഷ്യത്തോടെയാവാം ഡഗ്‌ ഔട്ടിലിരുന്ന് പരിശീലകര്‍ അങ്ങനെ ചെയ്തത്. അതില്‍ തെറ്റായൊന്നും പറയാനാവില്ല. എന്നാല്‍ ഇത് ക്യാപ്റ്റന്റെ വില നഷ്ടപ്പെടുത്തുന്നു. ക്യാപ്റ്റന് മത്സരത്തില്‍ റോളില്ലാതാവുന്നു. ഇങ്ങനെ ചെയ്യാനാണെങ്കില്‍ മോര്‍ഗന്റെ ആവിശ്യമില്ല. ആരെയെങ്കിലും ക്യാപ്റ്റനാക്കിയാല്‍ മതി. ലോകകപ്പ് നേടിയ നായകനാണവന്‍,” സേവാഗ് തുറന്നടിച്ചു.

പുറത്തുനിന്ന് സഹായം തേടുന്നത് തെറ്റല്ലെന്നും, എന്നാല്‍ നായകന്റെ മനസ്സില്‍ ആ സന്ദര്‍ഭത്തില്‍ ആരാണ് വേണ്ടതെന്ന് കൃത്യമായ ധാരണകള്‍ ഉണ്ടാവുമെന്നും സേവാഗ് പറയുന്നു. ചില സമയങ്ങളില്‍ ടീമിലെ ഇരുപത്തഞ്ചാമനാകും നല്ല ആശയം പങ്കുവെക്കാന്‍ സാധിക്കുകയെന്നും സേവാഗ് പറഞ്ഞു.