ഇന്ത്യയിലെയും ഏഷ്യന്‍ മേഖലയിലെയും പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സുപ്രധാന നേതൃത്വ നിയമനങ്ങള്‍ പ്രഖ്യാപിച്ച് സ്റ്റെല്ലാന്റിസ് ഇന്ത്യ ആന്‍ഡ് ഏഷ്യ പസഫിക്ക്. സ്റ്റെല്ലാന്റിസ് ഇന്ത്യയുടെ സിഇഒയും മാനേജിങ് ഡയറക്ടറായി റോളണ്ട് ബൗചാരയെ നിയമിച്ചു. ഗ്രൂപ്പിന്റെ നിര്‍മാണ പദ്ധതികള്‍ക്കൊപ്പം, ജീപ്പ് ആന്‍ഡ് സിട്രോണ്‍ നാഷണല്‍ സെയില്‍സ് കമ്പനി (എന്‍എസ്സി)യുടെ പൂര്‍ണ ഉത്തരവാദിത്തത്തോടെയാണ് ഇദ്ദേഹത്തിന്റെ നിയമനം.

അന്താരാഷ്ട്ര ഓട്ടോമോട്ടീവ്, കണ്‍സള്‍ട്ടിങ് ബിസിനസുകളില്‍ ശക്തവും വ്യത്യസ്തവുമായ അനുഭവ സമ്പത്തുമായാണ് റോളണ്ട് ബൗചാര പുതിയ ചുമതലയിലെത്തുന്നത്. 2017 മുതല്‍ സിട്രോണ്‍ ഇന്ത്യ പ്രവര്‍ത്തനങ്ങള്‍ക്ക്, ബ്രാന്‍ഡിന്റെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്റ് എന്ന നിലയില്‍ വിജയകരമായ നേതൃത്വം വഹിച്ചു. സമീപകാലത്തെ ഇന്ത്യയിലെ സിട്രോണ്‍ ബ്രാന്‍ഡിന്റെ അവതരണവും, ബ്രാന്‍ഡിന്റെ ആദ്യ ഉത്പന്നമായ പുതിയ സിട്രോണ്‍ സി5 എയര്‍ക്രോസും ഈ നേട്ടങ്ങളില്‍ ഉള്‍പ്പെടും.

ഡോ.പാര്‍ത്ത ദത്തയ്ക്കാണ് ഇന്ത്യ, ഏഷ്യ പസഫിക് മേഖലയിലുടനീളമുള്ള എഞ്ചിനീയറിങ്, ഡിസൈന്‍, റിസര്‍ച്ച് ആന്റ് ഡവലപ്മെന്റ് പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം. 2019 മുതല്‍ എഫ്സിഎ ഇന്ത്യയുടെ പ്രസിഡന്റ് ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ചുമതല വഹിക്കുന്ന ഡോ.ദത്തയാണ് പുതിയ ജീപ്പ് കോമ്പസും പ്രാദേശികമായി സംയോജിപ്പിച്ച ജീപ്പ് റാംഗ്ലറും വിജയകരമായി അവതരിപ്പിച്ചത്. 1999ല്‍ എഞ്ചിനീയറായാണ് എഫ്സിഎയില്‍ ചേര്‍ന്നത്. കഴിഞ്ഞ 20 വര്‍ഷമായി വിവിധ നേതൃസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ചെന്നൈ, പൂനെ എന്നീ സെന്ററുകളിലെ ടെക്നിക്കല്‍ ഡയറക്ടറായും ചൈനയിലെ പ്രൊഡക്ട് എഞ്ചിനീയറിങ് ഹെഡായും പ്രവര്‍ത്തിച്ചു. ഇരുവരുടെയും നിയമനങ്ങള്‍ ഉടന്‍ പ്രാബല്യത്തില്‍ വരും.

റോളണ്ടിനെയും പാര്‍ത്തയെയും അവരുടെ പുതിയ ചുമതലകളില്‍ പ്രഖ്യാപിച്ചതില്‍ താന്‍ സന്തുഷ്ടനാണെന്ന് സ്റ്റെല്ലാന്റിസ് ഇന്ത്യ ആന്‍ഡ് ഏഷ്യ പസഫിക് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ കാള്‍ സ്മൈലി പറഞ്ഞു.