എ.ഡി.ജി.പി ഓഫീസിലെ പൊലീസുകാരന്‍ ഫിറ്റായപ്പോള്‍ നാടും നഗരവും മാത്രമല്ല പൊലീസ് ആസ്ഥാനം വരെ വിറച്ചു. കഴിഞ്ഞദിവസമായിരുന്നു സംഭവം. സംസ്ഥാനപൊലീസില്‍ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയുടെ ഓഫീസിലെ പൊലീസുകാരനാണ് മദ്യലഹരിയില്‍ കഴിഞ്ഞദിവസം തിരുവനന്തപുരം റൂറല്‍ പൊലീസിനെയും ഐ.ജി ഉള്‍പ്പെടെയുള്ള ഉന്നത പൊലീസുദ്യോഗസ്ഥരെയും വിറപ്പിച്ചത്.
എ.ഡി.ജി.പി ഓഫീസില്‍ ജോലി നോക്കുന്ന ഒരു സിവില്‍ പൊലീസ് ഓഫീസറാണ് മദ്യലഹരിയില്‍ കഴിഞ്ഞദിവസം രാത്രി ഉന്നത പൊലീസുദ്യോഗസ്ഥരുള്‍പ്പെടെ നഗരത്തിലെയും തിരുവനന്തപുരം റൂറല്‍ ജില്ലയിലെയും പൊലീസുകാരുടെ ഉറക്കം കെടുത്തിയത്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയുടെ ഓഫീസിലാണ് ഇയാള്‍ക്ക് ജോലി. സംഭവദിവസം ഡ്യൂട്ടിക്ക് പോകാതിരുന്ന ഇയാള്‍ സ്വന്തം വീട്ടില്‍ നിന്ന് സമീപത്തെ ബന്ധുവീട്ടിലേക്ക് ബൈക്കില്‍ പോകുന്നതിനിടെയാണ് നാടിനെ വിറപ്പിച്ച സംഭവവികാസങ്ങള്‍ അരങ്ങേറിയത്.
ബൈക്ക് കത്തിയമര്‍ന്നു
വാഹനം ഓടിക്കാന്‍ കഴിയാത്ത വിധം മദ്യലഹരിയിലായിരുന്ന പൊലീസുകാരന്റെ ബൈക്ക് യാത്രാമദ്ധ്യേ നിന്നുപോയി. ബൈക്ക് സ്റ്റാര്‍ട്ടാക്കാനുള്ള ശ്രമത്തിനിടെ ബൈക്കില്‍ നിന്ന് തീയും പുകയും ഉയര്‍ന്നു.നിമിഷനേരം കൊണ്ട് ബൈക്ക് കത്തി.ബൈക്കിന് തീപിടിച്ചതോടെ ഇയാള്‍ ബഹളമുണ്ടാക്കി.ഓടിക്കൂടിയ നാട്ടുകാരും വഴിയാത്രക്കാരും ചേര്‍ന്ന് തീകെടുത്താന്‍ ശ്രമിച്ചെങ്കിലും ബൈക്ക് പൂര്‍ണമായും കത്തിയമര്‍ന്നു. ബൈക്കിന് തീപിടിച്ച വിവരം പൊലീസുകാരന്‍ വെഞ്ഞാറമൂട് പൊലീസിനെ അറിയിച്ചു. സംഭവസ്ഥലം കൃത്യമായി മനസിലാക്കും മുമ്ബേ പൊലീസുകാരന്റെ മൊബൈല്‍ഫോണ്‍ സ്വിച്ച്‌ ഓഫായി. എ.ഡി.ജി.പി ഓഫീസില്‍ ജോലി നോക്കുന്നയാളാണെന്നും ബൈക്ക് കത്തിയെന്നും പൊലീസിന് മനസിലായെങ്കിലും സംഭവസ്ഥലം എവിടെയെന്ന് വ്യക്തതയില്ലാതായി. പലതവണ സ്റ്റേഷനില്‍ നിന്ന് തിരിച്ചുവിളിച്ചെങ്കിലും പൊലീസുകാരന്റെ ഫോണ്‍ സ്വിച്ച്‌ ഓഫാണെന്ന മറുപടിയാണ് ലഭിച്ചത്.
സ്ഥലത്തെത്തിയ സി.ഐയെ വിരട്ടി
ഏറെ നേരം പലസ്ഥലങ്ങളിലായി ചുറ്റിക്കറങ്ങിയ പൊലീസ് ഒടുവില്‍ എങ്ങനെയോ ബൈക്ക് കത്തിയ സ്ഥലത്തെത്തി.ജീപ്പിലെത്തിയ സി.ഐയെയും സംഘത്തെയും കണ്ടതും പൊലീസുകാരന്‍ രോഷാകുലനായി. നാട്ടുകാരുടെ മുന്നില്‍ വച്ച്‌ സി.ഐയെയും പൊലീസുകാരെയും വിരട്ടി. എ.ഡി.ജി.പി ഓഫീസിലാണ് താന്‍ ജോലി ചെയ്യുന്നതെന്നും കാണിച്ചുതരാമെന്നും മറ്റും പറഞ്ഞ് ഇയാള്‍ തട്ടിക്കയറിയെങ്കിലും മദ്യപിച്ച്‌ ബഹളമുണ്ടാക്കുന്ന പൊലീസുകാരനെ പിടികൂടാനോ വൈദ്യപരിശോധന നടത്താനോ പൊലീസ് തയ്യാറായില്ല. ബൈക്ക് കത്തിയതിന്റെ ഫോട്ടോ പകര്‍ത്തിയശേഷം നാട്ടുകാരില്‍ നിന്ന് വിവരങ്ങള്‍ മനസിലാക്കി സി.ഐയും സംഘവും സ്ഥലം വിട്ടു.
നടപടി ആവശ്യപ്പെട്ട് ഐ.ജി ഉള്‍പ്പെടെയുള്ളവരുടെ ഉറക്കം കെടുത്തി
പിന്നാലെ, അര്‍ദ്ധരാത്രി ഡിവൈ.എസ്.പി മാരെയും ഐ.ജിയെയുമുള്‍പ്പെടെ പലരെയും പൊലീസുകാരന്‍ വിളിച്ചുണര്‍ത്തി. സി.ഐയ്ക്കും പൊലീസുകാര്‍ക്കുമെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു വിളികള്‍. വനിതാ ഓഫീസര്‍മാരുള്‍പ്പെടെ പലരുടെയും ഉറക്കം പോയതോടെ പൊലീസ് ആസ്ഥാനത്ത് നിന്ന് റൂറല്‍ പൊലീസ് ജില്ലയിലേക്ക് തലങ്ങും വിലങ്ങും വിളികളായി. ഉന്നത ഉദ്യോഗസ്ഥരടക്കം പലരും അടുത്തദിവസം റൂറല്‍ എസ്.പിയെ വിളിച്ച്‌ സംഭവം അന്വേഷിച്ച്‌ തുടങ്ങി. മദ്യപിച്ച്‌ മുമ്ബും പ്രശ്നങ്ങള്‍ ഉണ്ടാക്കിയ ചരിത്രമുള്ളയാളാണ് പൊലീസുകാരനെന്ന് തിരിച്ചറിഞ്ഞ എസ്.പി സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തി.
മദ്യലഹരിയിലായിരുന്നുവെന്ന് റിപ്പോര്‍ട്ട്
മദ്യലഹരിയില്‍ പൊലീസുകാരനുണ്ടാക്കിയ പ്രശ്നങ്ങളാണെന്ന നിലയില്‍ ഡിവൈ.എസ്.പി മേലധികാരികള്‍ക്ക് റിപ്പോര്‍‌ട്ട് സമര്‍പ്പിച്ചു. ബൈക്ക് നാട്ടുകാര്‍ കത്തിച്ചതാണെന്നായിരുന്നു പൊലീസുകാരന്‍ വെളിപ്പെടുത്തിയത്. എന്നാല്‍, പൊലീസുകാരന്‍ കത്തിച്ചതാണെന്ന നിലയില്‍ നാട്ടുകാരില്‍ ചിലര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് രഹസ്യവിവരം കൈമാറിയതോടെ ബൈക്ക് കത്തിയ സംഭവത്തില്‍ ലോക്കല്‍പൊലീസും വിശദമായ അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. മദ്യലഹരിയില്‍ പൊതുസ്ഥലത്ത് ബഹളം വയ്ക്കുകയും പൊലീസിനോട് അപമര്യാദയായി പെരുമാറുകയും ചെയ്ത പൊലീസുകാരനെതിരെ നിയമനടപടി സ്വീകരിക്കാതിരുന്നത് ലോക്കല്‍ പൊലീസിന് സംഭവിച്ച വീഴ്ചയായും അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസുകാരനെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.