തിരുവനന്തപുരം: മദ്യം ഹോം ഡെലിവറി നടത്താനുള്ള ബിവറേജസ് കോര്‍പറേഷന്‍റെ നീക്കം ഉടന്‍ നടപ്പാകില്ല. നിയമസാധുത നല്‍കാന്‍ കാവല്‍സര്‍ക്കാരിനാകില്ല.സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി വിദേശ മദ്യശാലകളും ബാറുകളും ഇന്ന് മുതല്‍ അടച്ചിടുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ മദ്യം വീടുകളില്‍ എത്തിച്ചു നല്‍കാനുള്ള സാധ്യത തേടിയിരിക്കുകയാണ് ബിവറേജസ് കോര്‍പ്പറേഷന്‍. കഴിഞ്ഞവര്‍ഷം മദ്യശാലകള്‍ക്ക് പുറത്ത് വെര്‍ച്വല്‍ ക്യൂ ഉണ്ടാക്കാനായി ബെവ്‌ക്യൂ ആപ്പ് മുഖേന സംവിധാനം ഒരുക്കിയിരുന്നു. ഇതിന് വീണ്ടും അനുമതി തേടി ഫെയര്‍കോഡ് ടെക്നോളജീസ് ബിവറേജസ് കോര്‍പ്പറേഷനെ സമീപിച്ചിട്ടുണ്ട്.ഹോം ഡെലിവറി സംവിധാനമാണ് ബിവറേജസ് കോര്‍പ്പറേഷന്‍ ആലോചിക്കുന്നത്. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സര്‍വീസ് നടത്തുന്നവരുമായി സഹകരിച്ച്‌ മദ്യം വീടുകളില്‍ എത്തിച്ചു കൊടുക്കുന്നതിനെക്കുറിച്ചാണ് ആലോചന. പണം കൈമാറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇനിയും വ്യക്തത വരാനുണ്ട്. അതിനിടെ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനും ഭക്ഷണ സാധനങ്ങള്‍ ഹോം ഡെലിവറി ചെയ്യാന്‍ ആലോചിക്കുന്നുണ്ടെന്നാണ് വിവരം.