വാക്സിനേഷനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് സംസ്ഥാനത്ത് അട്ടിമറിക്കാന്‍ വ്യാപകമായ ശ്രമം നടക്കുന്നുവെന്നു ബിജെപി നേതാവ് സന്ദീപ് വചസ്പതി. സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയോടെയാണ് ഉദ്യോഗസ്ഥര്‍ ഇത് ചെയ്യുന്നതെന്നും സര്‍ക്കാര്‍ പാവപ്പെട്ട ജനങ്ങളെ പൊരിവെയിലത്തു നിര്‍ത്തി പീഡിപ്പിക്കുകയാണെന്നും സന്ദീപ് ആരോപിച്ചു.
അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
വാക്സിനേഷനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് സംസ്ഥാനത്ത് അട്ടിമറിക്കാന്‍ വ്യാപകമായ ശ്രമം നടക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയോടെയാണ് ഇത്. കോവിന്‍ വെബ്സൈറ്റുകളുടെ നിയന്ത്രണമുള്ള ജില്ലാ പ്രോഗ്രാം മാനേജര്‍മാരും അവിടുത്തെ ഡിറ്റിപി ഓപ്പറേറ്റര്‍മാരുമാണ് ഈ അട്ടിമറിക്ക് പിന്നില്‍. സെഷന് ക്രിയേറ്റ് ചെയ്യുന്ന സമയം ഇവര്‍ ഇഷ്ടക്കാര്‍ക്ക് ചോര്‍ത്തി നല്‍കുന്നതായാണ് വിവരം. കൂടാതെ അപ്പോയിന്റ്മെന്റ് കിട്ടി എത്തുന്നവര്‍ക്ക് മറ്റൊരു ദിവസത്തേക്ക് ടോക്കണ്‍ നല്‍കിയുമൊക്കെ ഇവര്‍ വാക്സിന് വിതരണം തകിടം മറിക്കുകയാണ്.
ചോദിച്ചാല്‍ കേന്ദ്രം വാക്സിന് നല്‍കുന്നില്ലെന്ന മറുപടി. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും തിരഞ്ഞെടുപ്പ് ജോലിയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കുമാണ് ഇപ്പോള്‍ വാക്സിന് കിട്ടുന്നതെന്നുമൊക്കെയാണ് വിശദീകരണം.
ഇന്നത്തെ ദിവസം സംസ്ഥാന സര്‍ക്കാരിന്റെ കയ്യില്‍ 477,770 ഡോസ് വാക്സിന് ഉണ്ട്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ആകെ 902 കേന്ദ്രങ്ങളിലാണ് വാക്സിനേഷന് നടത്തിയത്. കഴിഞ്ഞ 3 ദിവസങ്ങളില്‍ സംസ്ഥാനത്ത് വാക്സിന് ലഭിച്ചവരുടെ എണ്ണം കൂടി പരിശോധിക്കാം.
23-ാം തിയതി 120,318, 24-ാം തിയതി 196,758, 25-ാം തിയതി 17,109 എന്നിങ്ങനെയാണ് വാക്സിന് കിട്ടിയവരുടെ എണ്ണം. അതിനാല്‍ തന്നെ വാക്സിന് ക്ഷാമം എന്ന വാദം കളവാണെന്ന് തെളിയുന്നു. എന്തുകൊണ്ടാണ് പൊതുജനങ്ങള്‍ക്ക് രജിസ്ട്രേഷന് ചെയ്യാന്‍ സാധിക്കാത്തത് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. അതേ സമയം മിക്കയിടങ്ങളിലും വലിയ ക്യൂ ദൃശ്യവുമാണ്.
വാക്സിന് എടുക്കാന്‍ എത്തുന്നവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കാതെയും സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ പീഡിപ്പിക്കുകയാണ്.
എല്ലാത്തിനും കേന്ദ്ര സര്‍ക്കാരിനെ പഴി പറഞ്ഞ് കേന്ദ്ര വിരുദ്ധ വികാരം ഇളക്കി വിടാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനങ്ങളുടെ ജീവന് അപകടത്തിലാക്കിയും നാറിയ രാഷ്ട്രീയം കളിക്കുന്നതില്‍ നിന്ന് സിപിഎമ്മും പിണറായി സര്‍ക്കാരും പിന്മാറണം.
‘ഇല്ലാത്ത വാക്സിന് ക്ഷാമം പറഞ്ഞ് പിണറായി സര്‍ക്കാര്‍ ജനങ്ങളെ പീഡിപ്പിക്കുന്നു : ഓണ്‍ലൈന്‍ രജിസ്ട്രേഷന് അട്ടിമറിക്കുന്നു’
