തിരുവനന്തപുരം: അതിതീവ്ര വ്യാപനശേഷിയുള്ള, ഇരട്ട ജനിതക വ്യതിയാനം വന്ന കൊറോണ വൈറസിന്റെ സാന്നിധ്യം സംസ്ഥാനത്തെ മിക്ക ജില്ലകളിലും കണ്ടെത്തി. പത്തനംതിട്ട ഒഴികെയുള്ള ജില്ലകളില്‍ അതിതീവ്ര വ്യാപനശേഷിയുള്ള ബി വണ്‍ 617 വൈറസിന്റെ സാന്നിധ്യമുണ്ടെന്നാണു കണ്ടെത്തല്‍.
അതിതീവ്ര വ്യാപനശേഷിയുള്ള വൈറസിന്റെ ഇന്ത്യന്‍ വകഭേദത്തിന്റെ സാന്നിധ്യം ഏറ്റവും കുടുതലുള്ളത് കോട്ടയം ജില്ലയിലാണെന്നു പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഈ വകഭേദമാണു കൂടതല്‍ മാരകായത്. 19.05 ശതമാനമാണ് ഇവയുടെ കോട്ടയത്തെ സാന്നിധ്യം. ബ്രിട്ടിഷ്, ദക്ഷിണാഫ്രിക്കന്‍ വകഭേദങ്ങളും കേരളത്തിലുണ്ട്.
ബ്രിട്ടിഷ് വകഭേദം കൂടുതലും കണ്ണൂര്‍ ജില്ലയിലാണ്, 75 ശതമാനം. പാലക്കാടാണു ദക്ഷിണാഫ്രിക്കന്‍ വകഭേദം കണ്ടെത്തിയത്. 21.43 ശതമാനം ഇവയുടെ സാന്നിധ്യം. ഇത്തരമൊരു സാഹചര്യത്തിലാണു കേരളത്തിലേത് ഡല്‍ഹിയിലും മറ്റും ആഴ്ചകള്‍ക്ക് മുന്‍പുണ്ടായിരുന്ന അവസ്ഥയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം പറഞ്ഞത്.ഒരു മാസത്തിനിടെയാണ് അതിതീവ്ര വ്യാപനശേഷിയുള്ള ഇരട്ടജനിതകമാറ്റം സംഭവിച്ച വൈറസ് സാന്നിധ്യം കൂടുതലായത്. മഹാരാഷ്ട്രയില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിച്ച ബി വണ്‍ 617 വൈറസ് ജനസാന്ദ്രത കൂടിയ കേരളം പോലുള്ള സ്ഥലങ്ങള്‍ അതി ഗുരുതര സാഹചര്യമുണ്ടാക്കാനുള്ള സാധ്യതയാണു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്തെ കോവിഡ് ബാധിതരില്‍ 40 ശതമാനത്തോളം പേര്‍ക്ക് അതിതീവ്ര വ്യാപനശേഷിയുള്ള വൈറസ് ബാധിച്ചതായതാണു കണ്ടെത്തല്‍.
അതിനിടെ, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,23,144 പേര്‍ക്കു കൂടി കോവിഡ് -19 സ്ഥിരീകരിച്ചു. ഇതോടെ മൊത്തം കേസുകള്‍ 1,76,36,307 ആയി ഉയര്‍ന്നു. 28,82,204 ആണ് എണ്ണം സജീവ കേസുകള്‍. ഇന്നലെ രാജ്യത്തുടനീളം 2,771 മരണങ്ങളാണു റിപ്പോര്‍ട്ട് ചെയ്തത്. രണ്ടാം തരംഗം ഏറ്റവും കൂടുതല്‍ ബാധിച്ച മഹാരാഷ്ട്രയില്‍ 48,700 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഉത്തര്‍പ്രദേശിന്റെ എണ്ണം 33,351 ആണ്.
രണ്ടാം കോവിഡ് തരംഗത്തെ നേരിടാനുള്ള പോരാട്ടത്തിനിടെ യുകെയില്‍നിന്നുള്ള 95 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും 100 വെന്റിലേറ്ററുകളും ഇന്നു പുലര്‍ച്ചെ രാജ്യം സ്വീകരിച്ചു. യുകെയും അമേരിക്കയും നിരവധി രാജ്യങ്ങളാണ് ഇന്ത്യയ്ക്കു സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്.
ഇന്ത്യയിലേക്ക് ഓക്‌സിജനും വൈദ്യസഹായവും അയക്കുമെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രി ഹെയ്‌ക്കൊ മാസ് ഇന്നലെ അറിയിച്ചിരുന്നു.