കോട്ടയം : ക്ഷേത്രത്തില്‍ നിന്നും പൂജാരിയെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ച കേസില്‍ മൂന്ന് പേര്‍ പിടിയില്‍. പാലമറ്റം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പൂജാരിയെയാണ് തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ച്‌ അവശനാക്കി റോഡില്‍ തള്ളിയത്. സംഭവത്തില്‍ ചങ്ങനാശേരി സ്വദേശിയായ പ്രവീണ്‍, തൃക്കൊടിത്താനം സ്വദേശികളായ ഗോകുല്‍, ഹരീഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൃത്യം നടത്താന്‍ ഉപയോഗിച്ച സ്‌കോര്‍പിയോ കാറും പൊലീസ് പിടിച്ചെടുത്തു.

ഞായറാഴ്ച രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം. തിരുവല്ല സ്വദേശി വിഷ്ണു നമ്ബൂതിരിയേയാണ് മൂവര്‍ സംഘം തട്ടിക്കൊണ്ട് പോയത്. ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ രവീന്ദ്രനെ മര്‍ദ്ദിച്ച ശേഷമാണ് പൂജാരിയെ തട്ടിക്കൊണ്ട് പോയത്. പിന്നീട് ഇദ്ദേഹത്തെ മര്‍ദ്ദിച്ച്‌ അവശനാക്കി റോഡില്‍ തള്ളുകയായിരുന്നു. തൃക്കൊടിത്താനം പൊലീസാണ് സ്ഥലത്തെത്തി ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പ്രവീണിന്റെ ഭാര്യയുമായുള്ള പൂജാരിയുടെ സൗഹൃദത്തില്‍ രോഷാകുലരായാണ് സംഘം അദ്ദേഹത്തെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.