റിയാദ്: റിയാദില്‍ വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ വാഹനാപകടത്തില്‍ മലയാളി നഴ്‌സ് മരിച്ചു. പത്തനംതിട്ട അടൂര്‍ സ്വദേശി ശില്പ മേരി ഫിലിപ്പ് (28) ആണ് മരിച്ചത്. ഖസിം ബദായ ജനറല്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായിരുന്നു. വാര്‍ഷികാവധി ദുബായിലുള്ള ഭര്‍ത്താവിനോടൊപ്പം ചെലവഴിക്കാന്‍ റിയാദ് എയര്‍പോര്‍ട്ടിലേക്കുളള യാത്രക്കിടെയാണ് അപകടം.

ഏപ്രില്‍ 25ന് ഉച്ചക്ക് 3ന് ബുറൈദയില്‍ നിന്നു 150 കിലോ മീറ്റര്‍ അകലെ ഖസിം-റിയാദ് റോഡില്‍ അല്‍ ഖലീജിലാണ് അപകടം നടന്നത്. അല്‍ ഖസിം റോഡില്‍ എക്‌സിറ്റ് 11ലെ അല്‍ തുമിര്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിന് മലയാളി സാമൂഹിക പ്രവര്‍ത്തകരും നഴ്‌സസ് കൂട്ടായ്മയും രംഗത്തുണ്ട്. ഭര്‍ത്താവ് : ജിബിന്‍ വര്‍ഗീസ് ജോണ്‍. ഒരു വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം.