പാലാ: കോവിഡ് രോഗികളെ കൊണ്ട് നിറഞ്ഞ പാലാ ജനറല്‍ ആശുപത്രിയില്‍ ഓക്സിജന്‍ ആവശ്യമായ രോഗികളുടെ എണ്ണം വളരെ കൂടിയത് വന്‍ പ്രതിസന്ധി സൃഷ്ടിച്ചു –
ഒരു ദിവസം 240 സിലിണ്ടര്‍ ഓക്സിജനാണ് ഇവിടെ വേണ്ടത്. എന്നാല്‍ ഇവിടെ 62 സിലിണ്ടറുകള്‍ മാത്രമാണ് ഉള്ളത് കൂടുതലായി സിലിണ്ടര്‍ വാടകയ്ക്ക് എടുക്കുവാന്‍ ആലോചിക്കുകയാണ്. എങ്കിലും ഇപ്പോള്‍ കടുത്ത സിലിണ്ടര്‍ ക്ഷാമം മൂലം ലഭ്യതയും കുറഞ്ഞിരിക്കുകയാണ്.
പാലാ ആശുപത്രിയിലെ ഓക്സിജന്‍ സിലിണ്ടര്‍ നിറയ്ക്കുന്നതിന് തൃശൂര്‍ വരെ പോകേണ്ടി വരുന്നതാണ് സമയത്ത് സിലിണ്ടര്‍ നിറച്ച് ലഭിക്കുവാന്‍ കാലതാമസം നേരിടുന്നതിന് കാരണം. തൃശൂര്‍ വരെ വാഹനo പോയി വരുന്നതിന് 6 മണിക്കൂര്‍ യാത്രാ സമയം വേണം. തിരക്ക് കാരണം അവിടെ നിന്നും സിലിണ്ടര്‍ നിറച്ച് കിട്ടുന്നതിന് താമസം നേരിടുന്നതും ആശുപത്രിക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
ഇന്ന് രാവിലെ ആശുപത്രിയില്‍ ഓക്സിജന്‍ തീര്‍ന്നത് അധികൃതരെ പ്രതിസന്ധിയിലാക്കി .തോമസ് ചാഴികാടന് എം.പി, ജോസ്.കെ.മാണി, ആശുപത്രി വികസന സമിതി അംഗം ജയ്സണ്‍ മാന്തോട്ടം എന്നിവര്‍ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രികളുടെ സഹായം തേടി.
തോമസ് ചാഴികാടന് എം.പി അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് ആശുപത്രിയില്‍ നിന്നും നാല് സിലിണ്ടറും ജയ്സണ്‍ മാന്തോട്ടം അഭ്യര്‍ത്ഥിച്ചതനുസരിച്ച് പാലാ മരിയന്‍ മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ നിന്നും, 2 ഉം മാര്‍ സ്ലീവാ അശുപത്രിയില്‍നിന്നും 5 സിലിണ്ടറും ഉടന്‍ തന്നെ ലഭ്യമാക്കി ആശുപത്രി അധികൃതരുടെ രക്ഷക്കെത്തി.
ഓക്സിജന്‍ ക്ഷാമത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കുകയാണ് കരണീമായ മാര്‍ഗo.
ഓക്സിജന്‍ സിലിണ്ടറുകള്‍ കോട്ടയം, എറണാകുളം ഭാഗത്തു നിന്നും നിറച്ചു കിട്ടുന്നതിന് നടപടി ഉണ്ടായാല്‍ ഈ കാലതാമസം ഒഴിവാക്കാനാവുമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ന് വൈകുന്നേരം എറണാകുളത്തു നിന്ന് 42 സിലിണ്ടര്‍ കൂടി ലഭിക്കുമെങ്കിലും പ്രതിസന്ധി ഒഴിവാകുന്നില്ല. സ്വകാര്യ ആശുപത്രികളില്‍ നിന്നും വാങ്ങിയ സിലിണ്ടറുകള്‍ തിരികെ നല്‍കേണ്ടതുമുണ്ട്. സിലിണ്ടര്ലഭ്യത ഉറപ്പു വരുത്തുവാന്‍ ആരോഗ്യ വകുപ്പ് അധികൃതരോടും ജില്ലാ ഭരണകൂടത്തോടും ആവശ്യപ്പെട്ടിട്ടുള്ളതായി ജോസ് കെ.മാണി അറിയിച്ചു.
കൂടുതല്‍ സിലിണ്ടര്‍ വാടകയ്ക്ക് ലഭ്യമാകുമോ എന്ന് അന്വേഷിച്ചുവരികയാണെന്ന് നഗരസഭാ ചെയര്മാന് ആന്റോ ജോസ് പടിഞ്ഞാറേക്കരയും ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ബൈജു കൊല്ലംപറമ്ബിലും പറഞ്ഞു.
ഓക്സിജന്‍ ലഭ്യതയ്ക്ക് സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തുന്നതിനായി ഓക്സിജന്‍ ജനറേറ്റിംഗ് പ്ലാന്റിനായുള്ള ശുപാര്‍ശ ജില്ലാ ആരോഗ്യ വിഭാഗത്തിന് ആശുപത്രി അധികൃതര്‍ കൈമാറിയിട്ടുണ്ട്: