തിരുവനന്തപുരം: വാക്സിന്റെ പേരില്‍ അനാവശ്യ ഭീതി പ്രചരിപ്പിക്കുന്നതില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്‍മാറണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ . കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കി. മറ്റു സംസ്ഥാനങ്ങള്‍ വാക്സിന്‍ ബുക്ക് ചെയ്യുമ്പോള്‍ കേരളത്തിന്റെ ഭാ​ഗത്തുനിന്നും അലസമായ സമീപനമാണുള്ളത്.

എത്രയും പെട്ടെന്ന് ആവശ്യമായ വാക്സിനുകള്‍ ബുക്ക് ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഒച്ചിഴയുന്ന വേഗത്തിലാണ് സംസ്ഥാനത്ത് വാക്സിനേഷന്‍ നടക്കുന്നത്. കൂടുതല്‍ വാക്സിനേഷന്‍ സെന്ററുകള്‍ തുടങ്ങി ഈ പ്രശ്നം പരിഹരിക്കണം. പ്രൈവറ്റ് ലാബുകളിലെ ആര്‍ ടി പി സി ആര്‍ ടെസ്റ്റിന്റെ നിരക്ക് മൂന്നിലൊന്നായി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം.

മറ്റു സംസ്ഥാനങ്ങളെ ഈ കാര്യത്തില്‍ മാതൃകയാക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ആര്‍ ടി പി സി ആര്‍ ടെസ്റ്റുകളുടെ ഫലം വരാനുള്ള കാലതാമസം ഒഴിവാക്കണം. ഇത് കോവിഡ് വ്യാപനത്തിന് കാരണമാവും. നാലും അഞ്ചും ദിവസം വരെ ഫലത്തിനായി ആളുകള്‍ കാത്തു നില്‍ക്കുന്ന അവസ്ഥയാണുള്ളത്.

ഭാവിയിലെ ഓക്സിജന്‍ ക്ഷാമം മുന്നില്‍ കണ്ട് കൂടുതല്‍ ഓക്സിജന്‍ സെന്ററുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. ഓക്സിജന്‍ പ്ലാന്റുകള്‍ തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് ഉപയോ​ഗിക്കണമെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.