പതിമൂന്നുകാരി വൈഗയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ പിതാവ് സനുമോഹനെ തെളിവെടുപ്പു പൂര്‍ത്തിയാക്കി ഇന്ന് കൊച്ചിയില്‍ തിരികെ എത്തിക്കും.വൈഗയെ കൊലപ്പെടുത്തിയതിനു ശേഷം ഒളിവില്‍ പോയ സനു മോഹന്‍ താമസിക്കാന്‍ തെരഞ്ഞെടുത്ത് പെട്ടെന്ന് ശ്രദ്ധ പതിയാത്ത ഇടങ്ങളെന്ന് പോലിസ് വ്യക്തമാക്കി. കാര്‍വാറിലെയും മുരുഡേശ്വരറിലെയും റിസോട്ടുകളും ലോഡ്ജുകളും അത്തരത്തിലുള്ളതായിരുന്നുവെന്ന് തെളിവെടുപ്പില്‍ കണ്ടെത്തി.

കൊലപാതകത്തിനു ശേഷം രണ്ട് സ്ഥലങ്ങളിലും മൂന്ന് ദിവസമാണ് ഇയാള്‍ തങ്ങിയത്. തെളിവെടുപ്പിനായി എത്തിച്ച സനുമോഹനെ ഇവിടത്തെ ലോഡ്ജുകളിലെ ജീവനക്കാര്‍ തിരിച്ചറിഞ്ഞു. ശനിയാഴ്ച രാത്രി സനുവിനെയും കൊണ്ട് അന്വേഷണം സംഘം കൊല്ലൂരിലെത്തി. പ്രാഥമിക തെളിവെടുപ്പ് പൂര്‍ത്തിയാക്കി കൊല്ലൂരില്‍ നിന്ന് സനു മോഹനനേയും കൊണ്ട് അന്വേഷണ സംഘം ഇന്ന് കൊച്ചിയിലെത്തും. 29 വരെയാണ് സനുവിനെ കോടതി അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. അതിന് മുമ്ബ് പരമാവധി തെളിവ് ശേഖരിക്കാനാണ് പോലിസ് ലക്ഷ്യമിടുന്നത്. അത് പൂര്‍ത്തിയായതിനു ശേഷം സനു മോഹന്റെ ഭാര്യ രമ്യയില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുക്കും. തുടര്‍ന്ന് ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും.

സനുവിനെതിരെ മഹാരാഷ്ട്രയില്‍ 2017ല്‍ സാമ്ബത്തിക തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കിലും ഒളിവിലായതിനാല്‍ അന്വേഷണം പൂര്‍ത്തിയായില്ലെന്ന് ഡിസിപി ഐശ്വര്യ ദോങ്റെ പറഞ്ഞു. മഹാരാഷ്ട്ര പോലിസുമായി സഹകരിച്ച്‌ ഇയാളുടെ സാമ്ബത്തിക തട്ടിപ്പുകേസുകളുടെ വിവരം ശേഖരിക്കുമെന്നും ഡിസിപി പറഞ്ഞു.

വൈഗയുടെ കൊലപാതകത്തിനു ശേഷം ഒളിവളില്‍ പോയ സനുമോഹനെ 28 ദിവസത്തിനു ശേഷം വടക്കന്‍ കര്‍ണ്ണാടകയിലെ കാര്‍വാര്‍ ടാഗോര്‍ ബീച്ചില്‍ നിന്ന് കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് പിടികൂടിയത്. സ്വകാര്യ ബസ്സില്‍ കൊല്ലൂരില്‍ നിന്ന് ഉഡുപ്പി വഴി കാര്‍വാറിലേയ്ക്ക് കടക്കുന്നതിനിടെയാണ് കര്‍ണ്ണാടക പോലിസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് സനുമോഹനെ കൊച്ചി സിറ്റി പോലിസിനു കൈമാറുകയായിരുന്നു.

സാമ്ബത്തിക ബാധ്യതയെ തുടര്‍ന്ന് മകളെ കൊലപ്പെടുത്തിയതിനു ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്നും എന്നാല്‍ ഭയം കാരണം കഴിഞ്ഞില്ലെന്നുമാണ് സനുമോഹന്‍ പോലിസിനോട് പറഞ്ഞത്.സ്വന്തം ശരീരത്തോട് ചേര്‍ത്ത് വൈഗയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം വൈഗയെ ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് കാറില്‍ കിടത്തിയ ശേഷം മുട്ടാര്‍ പുഴയില്‍ താഴ്ത്തി. ഇതിനു ശേഷം പുഴയില്‍ ചാടി ആത്മഹത്യചെയ്യാനായിരുന്നു പദ്ധതിയെങ്കിലും ഭയം കാരണം കഴിഞ്ഞില്ലെന്നും തുടര്‍ന്ന് അവിടെ നിന്നും പോകുകയുമായിരുന്നുവെന്ന് സനുമോഹന്‍ പോലിസിനോട് പറഞ്ഞത്.