കൊച്ചു കുട്ടികളുടെ വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ വേഗത്തില്‍ വൈറലാകാറുണ്ട്. അവരുടെ ആകര്‍ഷകമായ പ്രവര്‍ത്തികളില്‍ പലതും കാഴ്ച്ചക്കാര്‍ക്ക് ഇഷ്ടപ്പെടാറുണ്ട്. ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ട ഇത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ 4.5 മില്യണിലധികം വ്യൂസ് നേടി വൈറലായി മാറിയിരിക്കുന്നത്. ഒരു കൊച്ചുകുട്ടി ദൈര്‍ഘ്യമേറിയ ഇംഗ്ലീഷ് പദങ്ങള്‍ അനായാസം ഉച്ചരിക്കുന്ന രസകരമായ വീഡിയോയാണ് നെറ്റിസന്‍‌മാരെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. വാക്കുകളുടെ ശരിയായ ഉച്ചാരണം പറയിപ്പിക്കാനായി ഒരു യുവതിയാണ് കൊച്ചു പെണ്‍കുട്ടിയെ ചേ‍ര്‍ത്ത് നി‍ര്‍ത്തിയിരിക്കുന്നത്.

വീഡിയോയ്ക്ക് ആമുഖമായി സംസാരിക്കുന്നതും ഈ യുവതി തന്നെയാണ്. തുടര്‍ന്ന് വാക്കുകള്‍ ആദ്യം യുവതിയും പിന്നീട് കുട്ടിയും പറയുന്നത് കാണാം. ഹിപ്പോപ്പൊട്ടാമസ്, അലുമിനിയം, അബ്സൊല്യൂട്ട്ലി തുടങ്ങിയ വാക്കുകളാണ് ആദ്യം പറയുന്നത്. കുട്ടി ചില വാക്കുകള്‍ പറയാന്‍ മടി കാണിക്കുന്നതും വീഡിയോയില്‍ കാണാം. ടൈറനോസോറസ് റെക്സ്, ആന്റിഡിസ്റ്റാബ്ലിഷ്‌മെന്‍റേറിയനിസം തുടങ്ങിയ കടുകട്ടി വാക്കുകള്‍ രസകരമായി പറയുന്നതാണ് വീഡിയോ കണ്ടവ‍രില്‍ പല‍ര്‍ക്കും ഏറ്റവും ഇഷ്ടമായത്.

വീഡിയോയുടെ അവസാന ഭാഗത്ത് കനേഡിയന്‍ പ്രവിശ്യയായ സസ്‌കാച്ച്‌യുവാന്റെ പേര് ആവര്‍ത്തിക്കാന്‍ യുവതി ആവശ്യപ്പെടുമ്ബോഴും ‌പെണ്‍കുട്ടി വളരെ വിവേകപൂര്‍വ്വം പ്രതികരിക്കുന്നതും കാണം. ‘ഈ വാക്ക് എങ്ങനെ പറയണമെന്ന് എനിക്കറിയാം, പക്ഷെ ഞാന്‍ അത് പറയാന്‍ ആഗ്രഹിക്കുന്നില്ല,’എന്നാണ് കൊച്ചുമിടുക്കി പറയുന്നത്. ഇത് നെറ്റിസന്‍‌മാരെ കൂടുതല്‍ ചിരിപ്പിച്ചു.

ഒരു ഉപയോക്താവ് ട്വിറ്ററില്‍ പങ്കിട്ട വീഡിയോ 4.5 ദശലക്ഷത്തിലധികം വ്യൂകളും 333K ലൈക്കുകളും നേടിയിട്ടുണ്ട്. മികച്ച പ്രതികരണങ്ങളാണ് ട്വിറ്ററില്‍ ഈ വീഡിയോയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. കുട്ടിയെ പരിചയപ്പെടുത്തിയതിന് ചിലര്‍ യുവതിയെ അഭിനന്ദിച്ചു.

കോണ്‍ഗ്രസ് എം.പി. ശശി തരൂരിന്റെ ഇംഗ്ലീഷ് പ്രസംഗവും കടുകട്ടി വാക്കുകളുടെ പ്രയോഗവും വളരെ പ്രശസ്തമാണ്. ഒരിക്കലും ജീവിതത്തില്‍ കേട്ടിട്ടില്ലാത്ത വാക്കുകള്‍ പോലും തരൂരിന്റെ ട്വീറ്റിലൂടെയാണ് ആളുകള്‍ പഠിക്കുന്നത്. എന്നാല്‍ ഒരു പത്താം ക്ലാസുകാരിയുടെ മുന്നില്‍ തരൂര്‍ തോറ്റുപോയ കാഴ്ച കഴിഞ്ഞ വ‍ര്‍ഷം വാ‍ര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഒരു എഫ്‌എം റേഡിയോയിലെ പരിപാടിലാണ് സംഭവം. റേഡിയോ ജോക്കിയായ റാഫി അവതരിപ്പിച്ച ഷോയില്‍ തിരുവനന്തപുരം എംപി ശശി തരൂര്‍ അതിഥിയായിരുന്നു. ഇടുക്കി സ്വദേശിനിയായ ദിയ എന്ന വിദ്യാര്‍ത്ഥിയും ഷോയില്‍ പങ്കെടുത്തു.

ഷോയ്ക്കിടെ ദിയ പറഞ്ഞ ഒരു ഇംഗ്ലീഷ് വാക്ക് മനസിലാകാതെ വന്ന തരൂര്‍ ഒടുവില്‍ തോല്‍വി സമ്മതിച്ചു. അതേസമയം പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ദിയ ഒരു ബുദ്ധിമുട്ടുമില്ലാതെ ഈ വാക്ക് അനായാസമായി വീണ്ടും ഉച്ചരിച്ചു. ദിയ വാക്ക് ഉച്ചരിച്ചത് കേട്ട തരൂര്‍ ഉടന്‍ തന്നെ അമ്ബരന്ന് എന്താണ് ഈ വാക്കിന് അര്‍ഥം എന്ന് ചോദിക്കുകയും ചെയ്തിരുന്നു. ‘വാക്ക് ഓര്‍മ്മിക്കുകയും ആവര്‍ത്തിക്കുകയും ചെയ്യുന്നത് ഒരു ചെറിയ കാര്യമല്ല. എല്ലാവര്‍ക്കും ഇത് ചെയ്യാന്‍ കഴിയില്ല. അവര്‍ക്ക് മെമ്മറി പവര്‍ ഉണ്ട്. അവള്‍ക്ക് ഏകാഗ്രതയുണ്ട്. നിങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ള നീണ്ട വാക്കുകള്‍ പഠിക്കുക,’ എന്ന ഉപദേശവും തരൂര്‍ അന്ന് ദിയക്ക് നല്‍കിയിരുന്നു.