ആലപ്പുഴ : വിവാഹം നിശ്ചയിച്ച് നാട്ടുകാരെയും , ബന്ധുക്കളെയും അറിയിച്ചു കഴിഞ്ഞ് കൊറോണ വന്നാല്‍ എന്തു ചെയ്യും . അതിജീവിക്കും എന്നാണ് ആലപ്പുഴയിലെ കൈനകരി സ്വദേശികളായ ശരത് മോനും അഭിരാമിയും പറയുന്നത് .
ആലപ്പുഴ മെഡിക്കല്‍ കോളജിലെ കൊറോണ വാര്‍ഡ് ഇന്ന് അവര്‍ക്കുള്ള വിവാഹ വേദിയായിരുന്നു. നിശ്ചയിച്ച ദിനത്തില്‍ തന്നെ വിവാഹം നടത്താനുള്ള ആഗ്രഹത്തിന് ജില്ലാ ഭരണകൂടം അനുമതി നല്‍കിയതോടെയാണ് മെഡിക്കല്‍ കോളേജ് വിവാഹ വേദിയായി മാറിയത്.
വിദേശത്ത് ജോലി ചെയ്തിരുന്ന ശരത് വിവാഹത്തിനായാണ് നാട്ടിലെത്തിയത്. ഏപ്രില്‍ 25ന് വിവാഹം നടത്താന്‍ ബന്ധുക്കള്‍ തീരുമാനിച്ചു . ഇതിനിടെ ക്വാറന്റീന് കഴിഞ്ഞ് ആദ്യ പരിശോധനയില്‍ നെഗറ്റീവായി . എന്നാല്‍ വിവാഹ ഒരുക്കങ്ങള്‍ക്കിടെ ശരതിന് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചു. പിന്നീട് ശരത്തിന്റെ അമ്മ ജിജിക്കും വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് ശരത്തും അമ്മയും ആലപ്പുഴ മെഡിക്കല്‍ കോളേജിലെ കൊറോണ വാര്‍ഡിലേക്ക് മാറി.
ഇതോടെ വരന്റെയും, വധുവിന്റെയും ബന്ധുക്കള്‍ കൂടിയാലോചിച്ച് വിവാഹം മുന്‍ നിശ്ചയപ്രകാരം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി ജില്ലാ കലക്ടറില്‍ നിന്നും മറ്റ് ബന്ധപ്പെട്ട അധികാരികളില്‍ നിന്നും ആവശ്യമായ അനുമതികള്‍ വാങ്ങി .
മുന്‍ നിശ്ചയ പ്രകാരം ഇന്ന് മുഹൂര്‍ത്ത സമയത്ത് വധുവും ഒരു ബന്ധുവും പിപിഇ കിറ്റ് ധരിച്ച് വാര്‍ഡിനകത്ത് പ്രവേശിച്ചു. ജീവനക്കാര്‍ ഒരുക്കിയ സ്ഥലത്ത് ശരത്ത് അഭിരാമിക്ക് താലി ചാര്‍ത്തി. സാക്ഷിയായി ശരതിന്റെ അമ്മയും , മാതൃസഹോദരി ഭര്‍ത്താവും മാത്രം . ശരതിന്റെ അച്ഛനും ,മുത്തശിയും ,സഹോദരിമാരും വീട്ടില്‍ നിരീക്ഷണത്തിലാണ്.