ഡല്‍ഹിയിലെ ആശുപത്രികളില്‍ ഓക്സിജന്‍ ക്ഷാമം നേരിട്ടതിന് കാരണം സംസ്ഥാന സര്‍ക്കാര്‍ ക്രിയാത്മകമായി കാര്യങ്ങളെ സമീപിക്കാഞ്ഞതിനാലാണെന്ന് കോടതിയെ ഉദ്ദരിച്ചുകൊണ്ട് രാഷ്ട്രീയ നിരീക്ഷകന് ശ്രീജിത്ത് പണിക്കര്‍ വ്യക്തമാക്കി.
കേന്ദ്രമന്ത്രി പിയുഷ് ഗോയലും, ഉദ്യോഗസ്ഥരും ഓക്സിജന്‍ ലഭ്യതക്കുറവ് ഇല്ലെന്നും, ഡല്‍ഹി മതിയായ ടാങ്കറുകള്‍ അയക്കുന്നില്ലെന്നും, മറ്റു സംസ്ഥാനങ്ങള്‍ ടാങ്കറുകള്‍ അയക്കുന്നതിനാല്‍ അവിടങ്ങളില്‍ ക്ഷാമം ഇല്ലെന്നും കോടതിയില്‍ പറഞ്ഞു. അതേസമയം, ഡല്‍ഹി സര്‍ക്കാരിന് അതിനെ എതിര്‍ക്കാന്‍ കഴിഞ്ഞില്ലെന്നും ‘ആവശ്യമായത് ചെയ്യാം.’ എന്ന മറുപടി മാത്രമാണ് ഉണ്ടായിരുന്നതെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ശ്രീജിത്ത് പണിക്കര്‍ ചൂണ്ടിക്കാണിക്കുന്നു.
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.
ഡല്‍ഹി ഓക്സിജന്‍ ലഭ്യതക്കുറവ്.
ഇന്നലെ ഡല്‍ഹി ഹൈക്കോടതിയില്‍ നടന്നത്. ലൈവ് ലോ, ബാര്‍ ആന്‍ഡ് ബെഞ്ച് എന്നിവരുടെ തത്സമയ റിപ്പോര്‍ട്ടിങ്ങില്‍ നിന്ന്.
കേന്ദ്രസര്‍ക്കാര്‍ (കേന്ദ്രമന്ത്രി പിയുഷ് ഗോയലും, ഉദ്യോഗസ്ഥരും, അഭിഭാഷകരും) പറഞ്ഞത്:
‘ഓക്സിജന്‍ ലഭ്യതക്കുറവ് ഇല്ല. ഡല്‍ഹി മതിയായ ടാങ്കറുകള്‍ അയയ്ക്കുന്നില്ല. റൂര്‍ക്കേലയില്‍ നിന്നും ഓക്സിജന്‍ ലഭ്യമാണെന്ന് മന്ത്രി ഡല്‍ഹി ഉദ്യോഗസ്ഥരെ അറിയിച്ചു. പക്ഷെ അത് സ്വീകരിക്കാന്‍ ആരും എത്തിയില്ല. മറ്റു സംസ്ഥാനങ്ങള്‍ ടാങ്കറുകളുമായി സമീപിക്കുന്നുണ്ട്. റെയില്‍ മാര്‍ഗം ടാങ്കറുകള്‍ എത്തിക്കാനും ഡല്‍ഹിയില്‍ നിന്ന് അപേക്ഷ വന്നിട്ടില്ല; മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്നിട്ടുണ്ട്. ഡല്‍ഹിക്ക് എല്ലാം തളികയില്‍ എത്തിക്കണമെന്ന മനോഭാവമാണ്. ഞങ്ങള്‍ക്ക് സംസ്ഥാനങ്ങളെ സഹായിക്കാനേ കഴിയൂ.’
കോടതി ഡല്‍ഹി സര്‍ക്കാരിനോട് പറഞ്ഞത്:
‘ഡല്‍ഹിയിലെ ഉദ്യോഗസ്ഥര്‍ക്ക് ചട്ടങ്ങള്‍ ഒന്നും അറിയില്ലെന്നാണ് തോന്നുന്നത്. എല്ലാം നിങ്ങളുടെ പടിയ്ക്കല്‍ കേന്ദ്രം എത്തിച്ചു തരണമെന്ന ചിന്തയാണ് നിങ്ങളുടെ കുഴപ്പം. അങ്ങനെയല്ല കാര്യങ്ങള്‍ നടക്കേണ്ടത്. കേന്ദ്രം ഓക്സിജന്‍ അനുവദിച്ച ശേഷം അത് സ്വീകരിക്കാന്‍ നിങ്ങള്‍ എന്തെങ്കിലും ശ്രമം നടത്തിയോ? കേന്ദ്രം കാര്യങ്ങളെ ഗൗരവമായി സമീപിക്കുന്നില്ലെന്ന് പറയുന്ന നിങ്ങളും കാര്യങ്ങളെ ഗൗരവമായി സമീപിക്കുന്നില്ല. നിങ്ങള്‍ ഓക്സിജന്‍ പ്ലാന്റുകളെ സമീപിച്ചോ? നിങ്ങള്‍ക്ക് ടാങ്കറുകള്‍ ഇല്ലെങ്കില്‍ അത് ഏര്‍പ്പാടാക്കുക. അതിനു പോലും ഒരു സബ് കമ്മിറ്റിയുണ്ട്. പക്ഷെ നിങ്ങള്‍ അവരെ സമീപിച്ചില്ലെങ്കില്‍ ഒന്നും നടക്കില്ല. എന്താണ് ചെയ്യേണ്ടതെന്ന് ഉദ്യോഗസ്ഥര്‍ അറിയേണ്ടതാണ്. അത് ചെയ്യൂ. അടുത്തുള്ള പ്ലാന്റുകളില്‍ നിന്ന് ഓക്സിജന്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങളെ കുറിച്ചു മാത്രമാണ് നിങ്ങള്‍ പറയുന്നത്. ദൂരസ്ഥലങ്ങളില്‍ നിന്ന് ഓക്സിജന്‍ സ്വീകരിക്കാന്‍ നിങ്ങള്‍ എന്തുചെയ്തു? നിങ്ങള്‍ ഇപ്പോഴും ടാങ്കറുകള്‍ അന്വേഷിക്കുകയാണെങ്കില്‍ ഓക്സിജന്‍ അനുവദിക്കപ്പെട്ടു കഴിഞ്ഞു എന്നു മാത്രമേ മനസ്സിലാക്കാന്‍ കഴിയൂ. അനുവദിക്കപ്പെട്ടശേഷം മൂന്ന് ദിവസമായി. അത് സ്വീകരിച്ചില്ലെങ്കില്‍ ആരുടെ വീഴ്ചയാണ്? റൂര്‍ക്കേലയില്‍ നിന്നും കലിംഗ നഗറില്‍ നിന്നും ഓക്സിജന്‍ സ്വീകരിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ടാങ്കറുകള്‍ അയച്ചിട്ടില്ലെന്ന് ഞങ്ങള്‍ക്ക് അറിയാം. എല്ലാം കേന്ദ്രസര്‍ക്കാരിനു വിടാന്‍ കഴിയില്ല. ഓക്സിജന്‍ ലഭ്യമാണ്. ടാങ്കറുകള്‍ ലഭ്യമാക്കണം. ഇന്നലെ 309 MT ഓക്സിജന്‍ മാത്രമാണ് ഡല്‍ഹിക്ക് ലഭിച്ചതെന്നാണ് ഞങ്ങളെ അറിയിച്ചത്. ഇതിനു കാരണം ക്രയോജനിക് ടാങ്കറുകള്‍ അയയ്ക്കാത്തതാണ്. അത്തരം ടാങ്കറുകള്‍ ലഭ്യമാക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ശ്രമിക്കണം. ആവശ്യമായ കാര്യങ്ങള്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് ചെയ്യാമെങ്കില്‍, അതൊന്നും ഡല്‍ഹി മാത്രം ചെയ്യാത്തതിനു ന്യായീകരണമില്ല.’
ഡല്‍ഹി സര്‍ക്കാര്‍: ‘ആവശ്യമായത് ചെയ്യാം.’