ബംഗളൂരു : കര്‍ണാടകയിലെ ഹംപി ബദവി ലിംഗ ക്ഷേത്രത്തിലെ പുരോഹിതന് പണ്ഡിറ്റ് കെ.എന്‍ കൃഷ്ണഭട്ട് അന്തരിച്ചു . 94 വയസ്സായിരുന്നു . 40 വര്‍ഷത്തിലേറെയായി ഹംപി ബദവി ലിംഗ ക്ഷേത്രത്തിലെ പുരോഹിതനായിരുന്നു അദ്ദേഹം.
പ്രായത്തിന്റെ അവശതകള്‍ അലട്ടിയിരുന്നെങ്കിലും എല്ലാ ദിവസവും ക്ഷേത്രത്തില്‍ എത്തുകയും , പൂജാകര്‍മ്മങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ടായിരുന്നു അദ്ദേഹം . ശിവമോഗ ജില്ലയിലെ തീര്‍ത്ഥഹള്ളി താലൂക്കിലെ ഗ്രാമത്തില്‍ നിന്നുള്ളയാളാണ് കൃഷ്ണ ഭട്ട്.സത്യനാരായണ ക്ഷേത്രത്തില്‍ പുരോഹിതനായി ജോലി ചെയ്യാനാണ് അദ്ദേഹം ഹമ്ബിയില് എത്തിയത്. പിന്നീട് അനെഗുണ്ടി രാജകുടുംബം അദ്ദേഹത്തെ ബദവി ലിംഗ ക്ഷേത്രത്തിലെ പുരോഹിതനായി നിയമിക്കുകയായിരുന്നു .
ഒരു കൈ കൊണ്ട് ശിവലിംഗത്തെ കെട്ടിപ്പിടിച്ച് മറു കരം കൊണ്ട് ശിവലിംഗത്തെ സ്നാനം ചെയ്യുന്ന വൃദ്ധ ബ്രാഹ്മണന് . കര്‍ണാടകയിലെ ഹംപി ബദവി ലിംഗ ക്ഷേത്രത്തെ കുറിച്ചോര്‍ക്കുന്ന പലരിലും എത്തുന്ന മുഖം കൃഷ്ണഭട്ടിന്റേതായിരുന്നു.
മറ്റ് പുരോഹിതരില്‍ നിന്ന് വ്യത്യസ്തമായി, ഭട്ട് പലപ്പോഴും 3 മീറ്റര്‍ നീളമുള്ള ശിവലിംഗത്തില്‍ കയറുകയും തലേ ദിവസം ദേവന് സമര്‍പ്പിച്ച പൂക്കള്‍ എടുത്ത് മാറ്റുകയും ചെയ്യുമായിരുന്നു . ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടുകയും ചെയ്തു . നിത്യവും വെള്ളക്കെട്ട് നിറഞ്ഞ ഈ ക്ഷേത്രത്തില്‍ ശിവലിംഗത്തില്‍ കയറാന്‍ ഒരു ഗോവണി പോലും ഇല്ല. ഈ സാഹചര്യത്തില്‍ ഈ വൃദ്ധ ബ്രാഹ്മണന് ശിവലിംഗത്തില്‍ പറ്റിപ്പിടിച്ച് കിടന്നാണ് അതില്‍ വിഭൂതി ചാര്‍ത്തിയിരുന്നത്