കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാറിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവിനെയും പ്രതിപക്ഷത്തേയും അഭിന്ദിച്ച്‌ നടനും സംവിധായകനുമായ ജോയ് മാത്യു. ഈ ദുരിതകാലം മറികടക്കുവാന്‍ രാഷ്ട്രീയ ലാഭങ്ങള്‍ മാറ്റിവെച്ച്‌ ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന, ജനരക്ഷക്ക് സര്‍വ്വ പിന്തുണയും നല്‍കാന്‍ തയ്യാറായ പ്രതിപക്ഷത്തിനെ അഭിനന്ദിക്കാതിരിക്കാണ് തനിക്ക് കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

ജോയ് മാത്യുവിന്റെ കുറിപ്പ്:

പ്രതിപക്ഷം ജനരക്ഷക്ക് എത്തുമ്ബോള്‍

ഒരിക്കല്‍ കൂടി പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തലക്ക് അഭിനന്ദനം. രാജ്യം കോവിഡ് ഭീതിയില്‍ വിറങ്ങലിക്കുകയും രോഗ പ്രതിരോധത്തിനു ആവശ്യമായ വാക്സിനുകളുടെയും ഓക്‌സിജന്റെയും ദൗര്‍ലഭ്യം കാരണം ജനജീവിതം കൊടും ദുരിതത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്യുമ്ബോള്‍ സംസ്ഥാന ഗവര്‍മെന്റ് കൈക്കൊള്ളുന്ന ജനരക്ഷക്ക് സര്‍വ്വ പിന്തുണയും നല്‍കാന്‍ തയ്യാറായ പ്രതിപക്ഷത്തിനെ അഭിനന്ദിക്കാതിരിക്കാന്‍ വയ്യ.

ഈ ദുരിതകാലം മറികടക്കുവാന്‍ രാഷ്ട്രീയ ലാഭങ്ങള്‍ മാറ്റിവെച്ച്‌ ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന കേരളത്തിലെ പ്രതിപക്ഷം അങ്ങിനെ ലോകത്തിനു മാതൃകയാവുന്നു. അഭിനന്ദനങ്ങള്‍ ഇതായിരിക്കണം പ്രതിപക്ഷം, ഇങ്ങിനെയായിരിക്കണം പ്രതിപക്ഷം.

കഴിഞ്ഞ ദിവസം നടന്ന വാര്‍ത്തസമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാറിന് പൂര്‍ണ പിന്തുണ അറിയിച്ചത്. സര്‍ക്കാരും ആരോഗ്യ വകുപ്പും എടുക്കുന്ന നിലപാടിനൊപ്പം യോജിച്ച്‌ പ്രവര്‍ത്തിക്കുമെന്ന് രമേശ് ചെന്നിത്തല വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.