ന്യൂഡല്‍ഹി : കൊറോണയുടെ രണ്ടാം ഘട്ട വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയക്കൊപ്പം നിന്ന് ലോകരാജ്യങ്ങള്‍. ഫ്രാന്‍സ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളാണ് കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് സഹായം പ്രഖ്യാപിച്ച്‌ രംഗത്ത് വന്നത്. കൊറോണയുടെ ആദ്യഘട്ട വ്യാപനത്തില്‍ ഇരു രാജ്യങ്ങളെയും ഇന്ത്യ കൈയയച്ച്‌ സഹായിച്ചിരുന്നു.

കൊറോണയുടെ രണ്ടാം തരംഗം നേരിടുന്ന ഇന്ത്യയ്‌ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പറഞ്ഞു. ഇന്ത്യ എത്ര ശക്തമായ രാജ്യമാണെന്നകാര്യം അറിയാം. ആഗോളതലത്തില്‍ വെല്ലുവിളിയുയര്‍ത്തിയ കൊറോണയെ നേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും സ്‌കോട്ട് മോറിസണ്‍ കൂട്ടിച്ചേര്‍ത്തു.

കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അറിയിച്ചു. നിലവിലെ പ്രതിസന്ധിയില്‍ ഫ്രാന്‍സും ഒപ്പമുണ്ട്. എല്ലാവിധ സഹായവും പിന്തുണയും നല്‍കാന്‍ ഫ്രാന്‍ തയ്യാറായിരിക്കുകയാണെന്നും മാക്രോണ്‍ വ്യക്തമാക്കി.

ആദ്യഘട്ടത്തില്‍ ഫ്രാന്‍സ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ക്ക് വലിയ സഹായമാണ് നരേന്ദ്ര മോദി നല്‍കിയത്. കൊറോണ പ്രതിരോധത്തിനായി പിപിഇ കിറ്റുകള്‍, എന്‍ 95 മാസ്‌കുകള്‍ എന്നിവ കയറ്റി അയച്ചിരുന്നു. ഇരു രാജ്യങ്ങളിലെയും കൊറോണ സ്ഥിതിഗതികള്‍ നിരന്തരം വിലയിരുത്താനും നരേന്ദ്ര മോദി മറന്നിരുന്നില്ല. രാജ്യങ്ങളുടെ ആവശ്യം പരിഗണിച്ച്‌ വലിയ അളവിലാണ് ഇന്ത്യ പ്രതിരോധ മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിനും നല്‍കിയത്.