ഫരീദാബാദ്: ഭര്‍ത്താവിന് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പ്രതികാരം വീട്ടാന്‍ ഭാര്യ തിരഞ്ഞെടുത്തത് ഒരു കടുംകൈ പ്രയോഗം. എന്നാല്‍, പ്രതികാരത്തിനൊടുവില്‍ ജയിലിലായതും ഭാര്യ തെന്ന. ഹരിയാനയിലെ ഫരീദാബാദിലാണ് നാടകീയ സംഭവങ്ങള്‍ നടന്നത്. ഭര്‍ത്താവിന്റെ ഓട്ടോറിക്ഷയില്‍ കഞ്ചാവ് വെച്ചതിനാണ് ഭാര്യ അറസ്റ്റിലായത്. ഭര്ത്താവിനെജയിലിലാക്കാന് വേണ്ടിയായിരുന്നു ഭാര്യ ഇങ്ങനെയൊരു കാര്യം ചെയ്തത്. തന്റെ ഭര്‍ത്താവിന് മറ്റൊരു ബന്ധമുണ്ടെന്ന് ഭാര്യ സംശയിച്ചിരുന്നു. ഇതിന്റെ പ്രതികാരമെന്നോണമാണ് ഭര്‍ത്താവിനെ പൊലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിപ്പിക്കാന്‍ ഭാര്യ തീരുമാനിച്ചത്. അതിനു വേണ്ടി ആയിരുന്നു ഭര്‍ത്താവിന്റെ ഓട്ടോറിക്ഷയില്‍ കഞ്ചാവ് വെക്കാന്‍ തീരുമാനിച്ചതെന്നാണ് യുവതി പൊലീസിന് നല്കിയ മൊഴി.ഉത്തര്‍പ്രദേശ് സ്വദേശിയായ സ്ത്രീ എസ് ജി എം നഗറിലാണ് താമസിക്കുന്നത്. ഇവരുടെ ഭര്‍ത്താവ് വീട്ടില്‍ മിക്കപ്പോഴും മടങ്ങിയെത്തിയിരുന്നത് രാത്രി വളരെ വൈകി ആയിരുന്നു. ഇതു കൂടാതെ, ചില രാത്രികളില്‍ ഭര്‍ത്താവ് വീട്ടില്‍ മടങ്ങി എത്തിയിരുന്നുമില്ല. ഇതെല്ലാം ഭര്‍ത്താവിനെ സംശയിക്കാനുള്ള കാരണങ്ങള്‍ ആയിരുന്നു. രാത്രി വീട്ടില്‍ വൈകി വരുന്നതും ചില രാത്രികളില്‍ വീട്ടില്‍ എത്താത്തതും സംബന്ധിച്ച് ഇരുവരും തമ്മില്‍ നിരന്തരം വഴക്ക് ഉണ്ടായിരുന്നു.
ഇതിനെ തുടര്‍ന്നാണ് ഭര്‍ത്താവിനോട് പക തീര്‍ക്കാന്‍ ഭാര്യ തീരുമാനിച്ചത്. അതുകൊണ്ട് ഭര്‍ത്താവിനെ എങ്ങനെയെങ്കിലും പൊലീസ് കേസില്‍ ഉള്‍പ്പെടുത്തി അറസ്റ്റിലാക്കാന്‍ ഭാര്യ തീരുമാനിക്കുകയായിരുന്നു. ഇതിനായി ഡല്‍ഹിയിലേക്ക് പോയ യുവതി പവന് എന്നു പേരുള്ള ഒരു യുവാവില്‍ നിന്ന് കഞ്ചാവ് വാങ്ങുകയായിരുന്നു. തുടര്‍ന്ന് ഇത് ഭര്‍ത്താവിന്റെ ഓട്ടോറിക്ഷയില്‍ വച്ചു.
അതിനുശേഷം പൊലീസിനെ വിളിച്ച് ഓട്ടോറിക്ഷയില്‍ മയക്കുമരുന്ന് ഉണ്ടെന്നുള്ള കാര്യം അറിയിച്ചു. ഓട്ടോറിക്ഷയില്‍ നിന്ന് 700 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് യുവതി അറസ്റ്റിലാകുകയും ചെയ്തു. എവിടെ നിന്നാണ് ഇവര്‍ക്ക് മയക്കുമരുന്ന് കിട്ടിയതെന്ന അന്വേഷണം പവനിലേക്ക് എത്തിക്കുകയായിരുന്നു.