നെടുങ്കണ്ടം: തൂക്കുപാലം ഹരിതഫിനാന്സ് മാനേജര്‍ രാജ്കുമാര് കസ്റ്റഡി മരണം സംബന്ധിച്ചുള്ള അന്വേഷണം അവസാന ഘട്ടത്തിലാണെന്നു സിബിഐ തിരുവനന്തപുരം സ്പെഷ്യല്‍ ക്രൈംസ് വിഭാഗം ഉദ്യോഗസ്ഥന് സി.പി അനന്തകൃഷ്ണന് പറഞ്ഞു.
കേസ്സന്വേഷണം അവസാന ഘട്ടത്തിലെത്തിയ സാഹചര്യത്തില്‍ രണ്ടാം ചാര്‍ജ്ജ് ഷീറ്റ് മൂന്നു മാസത്തിനുള്ളില്‍ കോടതിയില്‍ സമര്‍പ്പിക്കുവാന്‍ ഒരുങ്ങുകയാണ് സിബിഐ അന്വേഷണ സംഘം.
ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടക്കുകയാണെന്നും സിബിഐ അറിയിച്ചു. എസ്പി വേണുഗോപാല്‍, ഡിവൈഎസ്പി ഷംസ്, ജയില്‍ ജീവനക്കാര്‍, ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ക്കെതിരെയാണ് അന്വേഷണം തുടരുന്നത്.
2020 ജനുവരി 24ന് സിബിഐ നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. എറണാകുളം സിജെഎം കോടതിയില്‍ ഫെബ്രുവരിയില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. രാജ്കുമാറിനെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ 9 പൊലീസുകാരെ പ്രതികളാക്കിയാണ് കുറ്റപത്രം നല്‍കിയിട്ടുള്ളത്.
മറ്റുള്ള ഏജന്‍സികളുടെ അന്വേഷണത്തില്‍ നിന്നും വിഭിന്നമായി പൊലീസ് കോണ്‍സ്റ്റബിള്‍ ബിജു ലൂക്കോസ്, വനിത പോലീസ് കോണ്‍സ്റ്റബിള്‍ ഗീതു ഗോപിനാഥന് എന്നി രണ്ട് പേരെ പുതിയതായി ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്.
നെടുങ്കണ്ടം സബ് ഇന്‍സ്പെക്ടര്‍ കെ എ സാബു ഒന്നാം പ്രതിയും. സി.ബി റെജി എ എസ് ഐ, പോലീസ് കോണ്‍സ്റ്റബിള്‍ നിയാസ്, ഹെഡ് കോണ്‍സ്റ്റബിള്‍ സജീവ് ആന്റണി, ഹോം ഗാര്‍ഡ്. ജെയിംസ്, പോലീസ് കോണ്‍സ്റ്റബിള്‍ ജിതിന്, എഎസ്ഐ റോയി പി വര്‍ഗ്ഗീസ്, ബിജു ലൂക്കോസ് വനിത പോലീസ് കോണ്‍സ്റ്റബിള്‍ ഗീതു ഗോപിനാഥന് എന്നിവരാണ് ഇപ്പോള്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കൊല്ലപ്പെട്ട രാജ്കുമാറിനെതിരെ പ്രതികള്‍ വ്യാജമായി തെളിവുകളുണ്ടാക്കിയതായും സിബിഐ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു.
2019 ജൂണ്‍ 12 നാണ് ചിട്ടി തട്ടിപ്പിന്റെ പേരില്‍ രാജ്കുമാറിനെ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. നാലു ദിവസം കസ്റ്റഡിയില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
തുക്കുപാലത്ത് ആരംഭിച്ച ഹരിതാ ഫിനാന്‍സ് എന്ന സ്വകാര്യ ധനസഹായ സ്ഥാപനത്തില്‍ നിന്ന് സ്വയംസഹായ സംഘങ്ങള്‍ക്ക് വായ്പ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പ്രോസസിംഗ് ഫീസ് ഇനത്തില്‍ ഹരിതാ ഫിനാന്‍സ് വന്‍തോതില്‍ പണം ഈടാക്കിയിരുന്നു.
ഫീസ് അടച്ചിട്ടും വായ്പ ലഭിക്കാതെ വന്നതോടെ സ്ഥാപനത്തിലെത്തി സംഘാംഗങ്ങള്‍ ബഹളം വച്ചതോടെയാണ് പ്രശ്നം ആരംഭിച്ചത്. ഇതിനെ തുടര്‍ന്ന് നെടുങ്കണ്ടം പോലീസ് സ്ഥാപനം അടപ്പിക്കുകയും ചെയ്തു. 2019 ജൂണ്‍ 12 ന് രാജ്കുമാറിനേയും കൊണ്ട് ഹരിതാ ഫിനാന്‍സിന്റെ പേരില്‍ പീരുമേട്ടിലെ ബാങ്കില്‍ ആരംഭിച്ചിരിക്കുന്ന അകൗണ്ടിലെ നിക്ഷേപം പരിശോധിക്കുന്നതിനായി രാജ്കുമാര് അടങ്ങുന്ന സംഘത്തിനെ നാട്ടുകാര്‍ പീരുമേട്ടില്‍ കൊണ്ടുപോയിരുന്നു.
ഇവിടുന്നു തിരികെ തൂക്കുപാലത്തേയ്ക്ക് കൊണ്ടുവരുന്ന വഴി പുളിയന്മലയില് വെച്ച് രാജ്കുമാര് അടക്കം മൂന്ന് പേരെ നാട്ടുകാര്‍ നെടുങ്കണ്ടം എസ്ഐ സാബു അടങ്ങുന്ന പൊലീസ് സംഘത്തിന് കൈമാറുകയായിരുന്നു. തോണക്കാട് മഞ്ഞപ്പള്ളില്‍ ശാലിനി ഹരിദാസ്(43), വെണ്ണിപ്പറമ്ബില് മഞ്ജു(33) എന്നിവരെ 13 ന് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തിരുന്നു.
രാജ്കുമാറിന്റെ വീട്ടില്‍ നിന്നും ശാലിനി, മഞ്ജു എന്നിവരുടെ പക്കല്‍ നിന്നും ലഭിച്ച രേഖകളില്‍ ഒന്നരക്കോടി രൂപയുടെ സാമ്ബത്തിക ഇടപാടുകള്‍ നടന്നതായാണ് നെടുങ്കണ്ടം പോലീസ് കണ്ടെത്തിയിരുന്നത്. ഈ തുക കണ്ടുപിടിക്കുന്നതിനായി രാജ്കുമാറിന്റെ മേല്‍ മൃഗീയ മര്‍ദ്ദനം അഴിച്ചുവിടുകയായിരുന്നു.
മറ്റു പ്രതികളായ ശാലിനിയെയും മഞ്ജുവിനെയും മര്‍ദ്ദിച്ചിരുന്നു. ഇതിനിടെ അനധികൃത കസ്റ്റഡി ഇല്ലാതെയാക്കാന്‍ രാജ്കുമാറിനെ ജാമ്യത്തില്‍ വിട്ടതായി നെടുങ്കണ്ടം പൊലീസ് വ്യാജരേഖയും സൃഷ്ടിച്ചു. 13 ന് രാജ്കുമാറിനെ ജാമ്യത്തില്‍ വിട്ടതായാണ് വ്യാജരേഖ ഉണ്ടാക്കിയത്. ഇതിന് തുടര്‍ച്ചയായി നാല് ദിവസം രാജ്കുമാറിനെ ക്രൂരമായി മര്‍ദ്ധനം നടത്തിയത്.
15 വരെ അനധികൃതമായി കസ്റ്റഡിയില്‍ സൂക്ഷിച്ച രാജ്കുമാറിനെ 16നാണ് കോടതിയില്‍ ഹാജരാക്കിയത്. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് 15 ന് അര്‍ദ്ധരാത്രി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിച്ച പ്രതിയെ പിറ്റേന്ന് സ്ട്രെക്ച്ചറിന്റെ സഹായത്തോടെയാണ് തിരികെ പോലീസ് സ്റ്റേഷനിലേക്കും കോടതിയിലേക്കും സബ്ജയിലിലേക്കും കൊണ്ടുപോയത്.
ജൂണ്‍ 21ന് സബ്ജയിലില്‍ ശാരീരിക അസ്വസ്ഥതകള്‍ വീണ്ടും അനുഭവപ്പെട്ട ഇയാളെ ജയില്‍ അധികൃതര്‍ പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.