തൃശൂ‌ര്‍: പൂരം വിളംബരം ചെയ്‌ത് നെയ്‌തലക്കാവ് ഭഗവതി എഴുന്നള‌ളിയത് ഇത്തവണ കൊച്ചിന്‍ ദേവസ്വംബോര്‍ഡിന്റെ ഉയരക്കേമന്‍ എറണാകുളം ശിവകുമാറിന്റെ പുറത്തേറിയായിരുന്നു. ഇപ്പോഴിതാ പൂരത്തിന്റെ അവസാന ചടങ്ങായ ഉപചാരം ചൊല്ലി പിരിയുന്നതിനും പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റാന്‍ അവസരം ലഭിച്ചിരിക്കുകയാണ് ശിവകുമാറിന്.

മുന്‍വര്‍ഷങ്ങളില്‍ പൂരം വിളംബര ചടങ്ങ് നിര്‍വഹിക്കാനും ആനപ്രേമികളെ ആവേശത്തിലാക്കാനും നെയ്‌തലക്കാവ് ഭഗവതി വന്നിരുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പുറത്തേറിയായിരുന്നു. എന്നാല്‍ ഇത്തവണ രാമചന്ദ്രന് വനംവകുപ്പ് അനുമതി നല്‍കാതെ വന്നതോടെ നെയ്‌തലക്കാവ് ഭരണസമിതി കൊച്ചിന്‍ ദേവസ്വത്തിലെ ആനകളില്‍ ഏ‌റ്റവും ഉയരമുള‌ള ശിവകുമാറിന് അവസരം നല്‍കുകയായിരുന്നു.

ആല്‍മരം ഒടിഞ്ഞുവീണ് രണ്ടുപേര്‍ മരണമടഞ്ഞ സംഭവമുണ്ടായതോടെ വെടിക്കെട്ട് ആഘോഷം ഒഴിവാക്കി ഇന്ന് പൂരം ഉപചാരം ചൊല്ലി പിരിയുന്ന ചടങ്ങ് നടന്നപ്പോള്‍ തിരുവമ്പാടി വിഭാഗത്തിന് കൊമ്പന്‍ ചന്ദ്രശേഖരന്‍ തിടമ്പേറ്റിയപ്പോള്‍ പാറമേക്കാവിന് വേണ്ടി തിടമ്പേറ്റാന്‍ അവസരം ലഭിച്ചത് വീണ്ടും ശിവകുമാറിനാണ്. അങ്ങനെ പൂരത്തിന്റെ അവസാന ചടങ്ങായ ഉപചാരം ചൊല്ലലിലും ശിവകുമാര്‍ പങ്കെടുത്തു.