കഴിവിന്റെ കാര്യത്തില്‍ സീനിയര്‍ ബോളര്‍ ബുംറയെക്കാള്‍ കേമനാണ് സിറാജെന്ന് മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബോളര്‍ ആശിഷ് നെഹ്റ. സിറാജിന് ഇപ്പോള്‍ തന്നെ ബുംറയെക്കാള്‍ വ്യത്യസ്തകള്‍ ബോളിങ്ങില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. അതിനോടൊപ്പം കായിക ക്ഷമതയും മത്സര അവബോധവും ഉയര്‍ത്താന്‍ സാധിക്കുമെങ്കില്‍ സിറാജിന് ആകാശത്തോളം ഉയരാന്‍ സാധിക്കും. നെഹ്റ പറഞ്ഞു.
“വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യ എക്ക് വേണ്ടിയുള്ള എല്ലാ മത്സരങ്ങളിലും ചുവന്ന പന്തില്‍ സിറാജ് 5-6 വിക്കറ്റുകള്‍ നേടിയിരുന്നു എന്ന് കേട്ടിട്ടുണ്ട്. ഇന്ന് അയാള്‍ എല്ലാ ഫോര്‍മാറ്റിലും കളിക്കുന്ന മികച്ച ബോളറാണ്. എല്ലാ വ്യത്യസ്തതകളും കയ്യിലുണ്ട്. കഴിവിന്റെ കാര്യത്തില്‍ ബുംറയെക്കാള്‍ കേമനാണ് സിറാജ് എന്ന് ഞാന്‍ പറയും.” നെഹ്റ ക്രിക്ബസ്സിലെ വിഡിയോയില്‍ പറഞ്ഞു.
” വ്യത്യസ്തമായൊരു സ്ലോ ബോള്‍ അയാള്‍ക്കറിയാം, അതില്‍ വേഗത കുറവ് ഒന്നും കാണില്ല, പുതിയ പന്തുകള്‍ ഇരുവശത്തേക്ക് ചലിപ്പിക്കാനും അയാള്‍ക്ക് കഴിയും. കായിക ക്ഷമത നിലനിര്‍ത്തുകയും ഏകാഗ്രത നിലനിര്‍ത്തുകയും ചെയ്യുകയാണ് ഇനി വേണ്ടത്. ഇത് രണ്ടും ചെയ്യാനായാല്‍ ആകാശത്തോളം ഉയരാന്‍ സിറാജിനാകും” നെഹ്റ പറഞ്ഞു.
ഈ വര്‍ഷം ആദ്യം നടന്ന ഇന്ത്യ ഓസ്ട്രേലിയ ടെസ്റ്റ് സീരീസിലാണ് സിറാജ് ഇന്ത്യക്ക് വേണ്ടി അരങ്ങേറിയത്. ഇന്ത്യയുടെ മുന്‍നിര ഫാസ്റ്റ് ബോളര്‍മാരായ ബുംറ, ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, ബുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ് എന്നിവരുടെ അഭാവത്തിലും സിറാജ് ഇന്ത്യയുടെ വിക്കറ്റ് നേടുന്ന ബോളറായി മികച്ച പ്രകടനമാണ് സിറാജ് പുറത്തെടുത്തത്. അതിനു ശേഷം സിറാജിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ഐപിഎല്ലിലും ആ ഫോം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ് സിറാജ്.
ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി ബോളിങ് ഓപ്പണ്‍ ചെയ്യുന്ന സിറാജ് ഈ സീസണില്‍ ആദ്യമായി 50 ഡോട്ട് ബോളുകള്‍ എറിഞ്ഞ താരമാണ്.