തൃശ്ശൂര്‍ പൂരം ചടങ്ങുകള്‍ വെട്ടിച്ചുരുക്കി സമാപിച്ചു. ഒരാനപ്പുറത്ത് എഴുന്നള്ളിയ പാറമേക്കാവ്, തിരുവമ്ബാടി വിഭാഗങ്ങള്‍ ശ്രീമൂലം സ്ഥാനത്ത് വച്ച്‌ ഉപചാരം ചൊല്ലി പിരിഞ്ഞതോടെ ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ സമാപിച്ചു.

ഇന്നലെ അര്‍ധരാത്രിയോടെ തിരുവമ്ബാടിയുടെ മഠത്തില് വരവിനിടെ മരം വീണുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ച സാഹചര്യത്തിലാണ് ചടങ്ങുകള്‍ വെട്ടികുറച്ച്‌ പൂരം നടത്തിയത്. ദുരന്തത്തിന് പിന്നാലെ തിരുവമ്ബാടി, പാറമേക്കാവ് ദേവസ്വങ്ങള് വെടിക്കെട്ട് ഉപേക്ഷിച്ചു. നിറച്ച വെടിമരുന്നിന് തിരുവമ്ബാടി വിഭാഗവും പാറമേക്കാവ് വിഭാഗവും തീ കൊളുത്തി പൊട്ടിച്ചു തീര്‍ക്കുകയായിരുന്നു.

ഉച്ചവരെ ഉണ്ടാവാറുള്ള പകല്‍പ്പൂരവും പിന്നെ നടക്കുന്ന ഉപചാരം ചൊല്ലിപ്പിരിയലും രാവിലെ തന്നെ പൂര്‍ത്തിയാക്കി. രാവിലെ എട്ടരയോടയാണ് പൂരാഘോഷങ്ങള്‍ സമാപിച്ചത്.

മുപ്പത് കൊല്ലത്തിലേറെയായി തൃശ്ശൂര്‍ പൂരം നടത്തിപ്പിനും തിരുവമ്ബാടി ക്ഷേത്രത്തിന്റെ കാര്യങ്ങളുമായി ബന്ധപ്പെട്ട് സജീവമായി രംഗത്തുണ്ടായിരുന്നവരാണ് അപകടത്തില്‍ മരിച്ച പൂച്ചെട്ടി സ്വദേശി രമേശനും, പൂങ്കുന്നം സ്വദേശിയായ പനയത്ത് രാധാകൃഷ്ണനും. മരണപ്പെട്ടവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്ന കാര്യം ദേവസ്വം ചര്‍ച്ച ചെയ്യുമെന്നും ദേവസ്വം വ്യക്തമാക്കി. അപകടത്തില്‍ 25പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.