ജോണ്‍ ബ്രിട്ടാസ്, വി. ശിവദാസന്‍ (സിപിഎം), പിവി. അബ്ദുല്‍ വഹാബ് (മുസ്ലിം ലീഗ്) എന്നിവര്‍ കേരളത്തില്‍നിന്ന് രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. വരണാധികാരിയും നിയമസഭാ സെക്രട്ടറിയുമായ എസ്.വി. ഉണ്ണികൃഷ്ണന് നായരാണ് ഇക്കാര്യം അറിയിച്ചത്.
ഇവര്‍ വയലാര്‍ രവി, കെ.കെ. രാഗേഷ്, പി.വി. അബ്ദുല്‍ വഹാബ് എന്നിവര്‍ക്കു പകരക്കാരായാണ് രാജ്യസഭയിലെത്തുന്നത്. മൂവരുടെയും കാലാവധി ഏപ്രില്‍ 21നു അവസാനിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഏപ്രില്‍ 12ന് തിരഞ്ഞെടുപ്പ് നടത്തുമെന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പ്രഖ്യാപിച്ചു. എന്നാല്‍ വിജ്ഞാപനം പുറപ്പെടുവിച്ചില്ല.
ഇതിനെതിരെ നിയമസഭാ സെക്രട്ടറിയും എസ്.ശര്‍മ എംഎല്‍എയും ഹൈക്കോടതിയെ സമീപിച്ചതോടെയാണു തിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. നിലവിലെ നിയമസഭയുടെ കാലാവധി അവസാനിക്കുന്ന മേയ് രണ്ടിനു മുന്‍പ് രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു ഹൈക്കോടതി വിധി.
നിയമസഭാ സെക്രട്ടറിയും എസ്.ശര്‍മയുടെയും ഹര്‍ജിയില്‍ നിലവിലെ നിയമസഭയുടെ കാലാവധി അവസാനിക്കുന്നതിനു മുന്‍പ് തിരഞ്ഞെടുപ്പ് നടത്താമെന്ന നിലപാടാണ് തിരഞ്ഞെടുപ്പ് കമ്മിഷന് ആദ്യം സ്വീകരിച്ചത്. ഇതു പിന്നീട്് മാറ്റിയ കമ്മിഷന് പുതിയ നിയമസഭാ അംഗങ്ങളില്‍നിന്നു മാത്രമേ നടത്തൂയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് ഹൈക്കോടതിയെ അറിയിച്ചു.
നിയമസഭയുടെ കാലാവധി കഴിയാനിരിക്കെ രാജ്യസഭയിലേക്ക് തിരഞ്ഞെടുപ്പ് നടത്തുന്നത് ഉചിതമാണോയെന്ന ചോദ്യം നിയമമന്ത്രാലയം ഉയര്‍ത്തിയതായും കേന്ദ്ര ഇടപെടല്‍ മൂലമാണ് തിരഞ്ഞെടുപ്പ് മാറ്റുന്നതെന്നും കമ്മിഷന് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മിഷന് നിലപാടിനെ കേന്ദ്ര സര്‍ക്കാരും കോടതിയില്‍ അനുകൂലിച്ചു. എന്നാല്‍ നിലവിലെ അംഗങ്ങള്‍ക്കാണു വോട്ടവകാശമെന്നായിരുന്നു ജസ്റ്റിസ് പിവി ആശയുടെ ഉത്തരവ്.