കേന്ദ്രത്തിന്റെ വാക്സിന് നയം ജനങ്ങള്ക്ക് നേരെയുള്ള കടന്നാക്രമണമാണെന്ന് എല്ഡിഎഫ് കണ്വീനര് എ വിജയരാഘവന്. കോവിഡ് മഹാമാരിയുടെ രണ്ടാംതരംഗത്തില് മനുഷ്യജീവന് വിലനല്കാത്ത സമീപനമാണ് കേന്ദ്രസര്ക്കാര് സ്വീകരിച്ചിരിക്കുന്നത്. ഇതിനെതിരെ കേരളത്തിന്റെ ആകെ പ്രതിഷേധം ഉയര്ന്നുവരേണ്ടതുണ്ട്. എല്ഡിഎഫിന്റെ നേതൃത്വത്തില് പ്രവര്ത്തകരും അനുഭാവികളും വരെ വീടുകള്ക്ക് മുന്നില് ഏപ്രില് 28ന് വൈകുന്നേരം 5മുതല് 5.30 വരെ പോസ്റ്ററുകള് ഒട്ടിച്ചും പ്ലക്കാര്ഡുകള് ഉയര്ത്തിയും പ്രതിഷേധിക്കും. സൗജന്യ വാക്സിന് നിഷേധിക്കുന്ന കേന്ദ്രസര്ക്കാരിന്റെ നിലപാടിനെതിരായ കേരളത്തിന്റെ പ്രതിഷേധം എന്നുള്ള നിലയിലാണ് ഈ സമരം സംഘടിപ്പിക്കുകയെന്നും വിജയരാഘവന് വാര്ത്താസമ്മേളനത്തില് പറഞ്ഞു. ജനങ്ങള്ക്ക് ആശ്വാസും സംരക്ഷണവും നല്കാന് ബാധ്യതയുള്ള കേന്ദ്രസര്ക്കാര് ജനങ്ങളെ കയ്യൊഴിയുന്ന നയം സ്വീകരിച്ചത് ഞെട്ടലുളവാക്കുന്ന കാര്യമാണ്. കോവിഡ് വ്യാപനത്തിന് വഴിവെക്കുന്ന നയങ്ങളാണ് കേന്ദ്രം നടപ്പിലാക്കുന്നത്. കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്ബത്തികപ്രതിസന്ധിയില് വലയുന്ന സംസ്ഥാനങ്ങള്ക്ക് താങ്ങാന് കഴിയാത്ത അധികഭാരമാണ് കേന്ദ്രസര്ക്കാര് അടിച്ചേല്പ്പിക്കുന്നത്. ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനവും സംസ്ഥാനങ്ങളോടുള്ള വെല്ലുവിളിയുമാണിത്.

സ്വന്തം ഉത്തരവാദിത്വത്തില് നിന്ന് ഒഴിഞ്ഞുമാറി എല്ലാഭാരവും സംസ്ഥാനങ്ങളുടെ തലയിലിടുന്നതാണ് കേന്ദ്രത്തിന്റെ വാക്സിന് നയം. ഇഷ്ടമുള്ള വിലയ്ക്ക് ഉല്പാദിപ്പിച്ച വാക്സിന് 50ശതമാനം വില്ക്കാന് സ്വാതന്ത്ര്യം നല്കിയിരിക്കുകയാണ്. ജനങ്ങളെ കൊള്ളയടിക്കാന് കോര്പറേറ്റുകള്ക്ക് അനുവാദം നല്കുന്ന തീരുമാനമാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്. ഇത് അങ്ങേയറ്റം വിവേചനപരവും ജനവിരുദ്ധവുമാണ്.

വാക്സിന് വിലകൊടുത്തുവാങ്ങേണ്ട സാഹചര്യം കേന്ദ്രസര്ക്കാര് സൃഷ്ടിച്ചതിനാല് 1300 കോടിയോളം രൂപ സംസ്ഥാനത്തിന് അധികച്ചെലവ് ഉണ്ടാകുമെന്നാണ് പ്രാഥമികമായി കണക്കാക്കുന്നത്. കേരളം ഒരുമിച്ച്‌ ഒരുമനസോടെ നിന്ന് മലയാളികള് ഈ ആവശ്യത്തിലേക്ക് വലിയ തുക സംഭാവന നല്കുമെന്നാണ് പ്രതീക്ഷ. ഈ പ്രവര്ത്തനം കേരളത്തിന്റെ ജനകീയ പ്രതിരോധമായി ഉയര്ത്തിക്കൊണ്ടുവരും. കേരളീയ ജനസമൂഹത്തെ അവഹേളിക്കുന്ന കേന്ദ്രസമീപനത്തിനെതിരായ മറുപടിയും വാക്സിന് ചലഞ്ചിലൂടെ മലയാളികള് നല്കുമെന്നും വിജയരാഘവന് പറഞ്ഞു.