തിരുവനന്തപുരം: കോവിഡ് പോസിറ്റീവായവര്‍ക്കും ഇനി പി എസ് സി പരീക്ഷ എഴുതാം. അതിനായുള്ള പ്രത്യേക മാനദണ്ഡങ്ങള്‍ പിഎസ്‌സി പ്രസിദ്ധീകരിച്ചു.അതിനായി ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം വിലാസത്തില്‍ മുന്‍കൂട്ടി അപേക്ഷ നല്‍കണം.പരീക്ഷ എഴുതുവാന്‍ അനുവദിച്ചുകൊണ്ടുള്ള ആരോഗ്യ വകുപ്പിന്റെ സമ്മതപത്രം, കോവിഡ് പോസിറ്റീവ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ഉദ്യോഗാര്‍ഥികള്‍ ആരോഗ്യ പ്രവര്‍ത്തകനൊപ്പം മെഡിക്കല്‍ ആംബുലന്‍സില്‍ എത്തിയാല്‍ മാത്രമേ പരീക്ഷ എഴുതാന്‍ അനുവദിക്കൂ.കോവിഡ് പോസിറ്റീവ് ആയ ഉദ്യോഗാര്‍ഥികള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ സൗകര്യപ്രദമായ സ്ഥലത്ത് ആംബുലന്‍സില്‍ ഇരുന്ന് പരീക്ഷ എഴുതണം.

ഉദ്യോഗാര്‍ഥിയെ തിരിച്ചറിയുന്നതിനായി ഹാള്‍ ടിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട ഡോക്ടറുടെ സാക്ഷ്യപത്രവും ഹാജരാക്കണം.കോവിഡ് പശ്ചാത്തലത്തില്‍ പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം അനുവദിക്കാനും പിഎസ്‌സി തീരുമാനിച്ചിട്ടുണ്ട്. കോവിഡ് പോസിറ്റീവായവര്‍, ഗര്‍ഭിണികള്‍, ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ എന്നിവര്‍ക്കാണ് പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം അനുവദിക്കുന്നത്. ഒരു ജില്ലയില്‍ നിന്ന് മറ്റൊരു ജില്ലയിലേക്കേ മാറ്റം അനുവദിക്കൂ. ജില്ലയ്ക്കുള്ളിലെ മാറ്റം അനുവദിക്കില്ല. ചോദ്യക്കടലാസുകളുടെ ലഭ്യതകൂടി കണക്കിലെടുത്തായിരിക്കും തീരുമാനം.

പരീക്ഷാ കേന്ദ്രം മാറ്റാന്‍ അഡ്മിഷന്‍ ടിക്കറ്റിന്റെ പകര്‍പ്പ്, മാറ്റം അനുവദിക്കേണ്ട കാരണം എന്നിവ സംബന്ധിച്ച വിവരം/ സര്‍ട്ടിഫിക്കറ്റ്, ഫോണ്‍ നമ്ബര്‍ എന്നിവ സഹിതം ഇ- മെയിലില്‍ പരീക്ഷയ്ക്ക് 5 ദിവസം മുന്‍പെങ്കിലും അപേക്ഷിക്കണമെന്നാണ് വ്യവസ്ഥ. പരീക്ഷാ കേന്ദ്രം മാറ്റിയതു സംബന്ധിച്ച അറിയിപ്പ് ഉദ്യോഗാര്‍ഥികള്‍ക്ക് ഫോണിലും പ്രൊഫൈലിലും മെസേജായി നല്‍കും.