തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിനേഷന്‍ പുരോഗമിക്കുകയാണ്. എന്നാല്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാതെ നിരവധി പേരാണ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെത്തിയത്. ഇതുമൂലം തിരക്ക് കൂടുകയും ചെയ്തു. അത്തരത്തില്‍ വാകിനെടുക്കാന്‍ എത്തിയതായിരുന്നു പേരൂര്‍ക്കട സ്വദേശി ജാനകിയമ്മ.

അയല്‍വാസി പറഞ്ഞതനുസരിച്ചാണ് ജാനകിയമ്മ വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തിത്. പലരും പുലര്‍ച്ചെ അഞ്ച് മണിക്കു തന്നെ വാക്‌സിനെടുക്കാന്‍ ജനറല്‍ ആശുപത്രിയിലെത്തിയിരുന്നു. രാവിലെ ഏഴ് മണിയായപ്പോള്‍ എണ്ണം 1500 കടന്നു. എന്നാല്‍ രജിസ്‌ട്രേഷനില്ലാതെ വാക്‌സിന്‍ നല്‍കില്ലെന്ന് ജീവനക്കാര്‍ അറിയിച്ചതോടെ മണിക്കൂറുകളായി കാത്തു നിന്ന ജനം വൈകാരികമായിട്ടാണ് പ്രതികരിച്ചത്.

‘മരിക്കാന്‍ വയ്യ. അതു കൊണ്ടാണ് വാക്‌സിന്‍ എടുക്കാന്‍ എത്തിയത്. ഇവിടെ എത്തിയാല്‍ വാക്‌സിന്‍ കുത്തി വെക്കുമെന്നു അയല്‍വാസി പറഞ്ഞു.പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്നൊക്കെ പറഞ്ഞു. അതൊന്നും എനിക്കറിയില്ല. എനിക്ക് ഇനി വാക്‌സിന്‍ എടുക്കണ്ട.’- ജാനകിയമ്മ പറഞ്ഞു.