തിരുവനന്തപുരം: വാക്സിന് വിതരണത്തില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്. കാര്യക്ഷമതയില്ലാത്ത സര്‍ക്കാര്‍ തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ പരാജയപ്പെടുമ്ബോള്‍, മറ്റുള്ളവരെ കുറ്റം പറഞ്ഞ് തടി തപ്പുന്നത് സ്വാഭാവികമാണെന്ന് ശോഭ സുരേന്ദ്രന് ഫേസ്ബുക്കില്‍ കുറിച്ചു. പക്ഷേ ജനങ്ങള്‍ ഭീതിയുടെ മുള്‍മുനയില്‍ നില്‍ക്കുമ്ബോള്‍ വ്യാജപ്രചരണങ്ങള്‍ കൊണ്ട് ആശങ്ക പടര്‍ത്തുന്ന മനുഷ്യത്വരഹിതമായ സര്‍ക്കാരാണ് കേരളത്തില്‍ ഉള്ളതെന്നും അവര്‍ ആരോപിക്കുന്നു.
കേരളത്തില്‍ വാക്സിന് ക്ഷാമം ഉണ്ട് എന്നതാണ് ഇവരുടെ ഒന്നാമത്തെ നുണ 63.52 ലക്ഷം ഡോസ് വാക്സിനാണ് കേന്ദ്രം ഇതുവരെ കേരളത്തിന് നല്‍കിയത്. ഏപ്രില്‍ 21 രാവിലെ വരെ 62.43 ലക്ഷം ഡോസ് വാക്സിന് കേരളം ഉപയോഗിച്ചു. നിലവില്‍ 3,64580 ഡോസുകള്‍ ലഭ്യമാക്കുകയും മൂന്ന് ദിവസത്തിനുള്ളില്‍ ആറരലക്ഷം ഡോസ് വാക്സിനുകള്‍ ലഭ്യമാക്കും എന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെ അടുത്ത അഞ്ച് ദിവസത്തേക്ക് 10 ലക്ഷം ഡോസ് വാക്സിനാണ് കേരളത്തിനായി ലഭ്യമാക്കുന്നത്. ഇത് വരെ അറുപത് ലക്ഷം പേര്‍ക്ക് വാക്സിന് നല്‍കാനായി 95 ദിവസമെടുത്ത സര്‍ക്കാര്‍ ഒറ്റയടിക്ക് 50 ലക്ഷം വാക്സിന് ചോദിക്കുന്നതിലെ ലക്ഷ്യം ജനങ്ങളില്‍ പരിഭ്രാന്തി പരത്തുക എന്നത് മാത്രമാണ്.
വാക്സിന് അമിത വില ഈടാക്കുന്നു എന്നതാണ് അടുത്ത് നുണ.
നിലവില്‍ നടക്കുന്ന വാക്സിന് യജ്ഞത്തിന്റെ ആവശ്യത്തിനും മറ്റുമായി 50% വാക്സിനുകള്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ട് എടുക്കുന്നു. അങ്ങനെ നിലവിലെ വാക്സിനേഷന് യജ്ഞം സുഖമായി മുന്നോട്ടു പോകാന്‍ നടപടി സ്വീകരിക്കുന്നു. മറുവശത്ത് 50% വാക്സിനുകള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നേരിട്ട് വാങ്ങാന്‍ പൊതു വിപണിയില്‍ എത്തിക്കുന്നു. വാക്സിനേഷന് പണം നല്കാന് കഴിയുന്ന വര്‍ക്ക് ആ സൗകര്യം ഉപയോഗപ്പെടുത്തി പ്രൈവറ്റ് ആശുപത്രികളില്‍ നിന്ന് പോലും വാക്സിന് സ്വീകരിക്കാം. ഇതുമൂലം സൗജന്യ വാക്സിനേഷന് ആവശ്യമുള്ളവര്‍ക്ക് വേണ്ടി കൂടുതല്‍ ഫലപ്രദമായി വാക്സിനേഷന് യജ്ഞം സുഗമമായി നടത്താന്‍ കഴിയും.
വാക്സിനേഷന് സെന്ററുകളിലെ തിരക്ക് ഒരു പരിധി വരെ നിയന്ത്രിക്കാനും കഴിയും. അതായത് പണമുള്ളവര്‍ക്ക് പണം നല്കി വാക്സിന് സ്വീകരിക്കാനും പാവപ്പെട്ടവര്‍ക്ക് സൗജന്യമായി നല്‍കാനും വേണ്ടി കേന്ദ്ര സര്‍ക്കാര്‍ രൂപകല്‍പ്പന ചെയ്ത ഒരു സംവിധാനത്തിന് എതിരെയാണ് ജനങ്ങളില്‍ അനാവശ്യ ആശങ്ക പടര്‍ത്താന്‍ കുപ്രചരണങ്ങള്‍ അഴിച്ചുവിടുന്നത്. കൂടുതലായി വാങ്ങേണ്ട വാക്സിനുകള്‍ നല്കാന് പണം ഇല്ല എന്ന വിചിത്ര യുക്തി സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ചു കഴിഞ്ഞു. എല്ലാവരില്‍ നിന്നും പണം വാങ്ങി വാക്സിന് നല്‍കുന്നതിന് മുന്നോടിയായിട്ടുള്ള ന്യായമാണിത്. ജനങ്ങളെ സംബന്ധിച്ച് ആ ന്യായം പിന്തുടരുന്നത് അപകടകരമാണ്.
160 കോടി രൂപ പരസ്യങ്ങള്‍ക്ക് ചിലവഴിച്ച ഒരു സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വാക്സിന് വാങ്ങാന്‍ പണമില്ല എന്നു പറഞ്ഞു കൈമലര്‍ത്തുന്നത് ലജ്ജാകരമാണ്. ജനങ്ങളെ കൊള്ളയടിക്കാന്‍ പിണറായി വിജയനും കൂട്ടരും ഇറക്കിയ ഏറ്റവും പുതിയ വൈകാരിക നാടകമാണ് ഈ പ്രതിസന്ധി ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധത. വാക്സിന് ലഭിക്കുന്നില്ല കേന്ദ്രം പണം ഈടാക്കുന്നു എന്ന വ്യാജേന മുഴുവന്‍ വാക്സിനേഷനും ജനങ്ങളില്‍ നിന്ന് പണം ഈടാക്കാനുള്ള കള്ളക്കളിയാണ് നടക്കുന്നത്. സൗജന്യ വാക്സിന് നല്‍കുമെന്ന് പ്രഖ്യാപിച്ചവര്‍ക്ക് വാക്ക് പാലിക്കാതെ ഓടിയൊളിക്കാനുള്ള സൂത്രപ്പണിയായി കാണാനുള്ള വിവേകം ജനങ്ങള്‍ക്കുണ്ടെന്നും ശോഭ സുരേന്ദ്രന് കൂട്ടിച്ചേര്‍ക്കുന്നു.