അകാലത്തില്‍ വേര്‍പെട്ട ഭാര്യ ഉമാ ദേവിയെക്കുറിച്ചുള്ള സംഗീതസംവിധായകന്‍ മനു രമേശിന്റെ വാക്കുകള്‍ കണ്ണുകളെ ഈറനണിയിക്കും. ഏറെ നാളത്തെ കഠിനാധ്വാനത്തിനു ശേഷം നേടിയ ഡോക്ടറേറ്റ് അംഗീകാരം സ്വീകരിക്കാനാകാതെയാണ് ഉമ ലോകത്തോട് വിട
പറഞ്ഞത്. പുരസ്‌കാരദാന ചടങ്ങിലെ ചിത്രം പങ്കുവെച്ചു കൊണ്ടുള്ള മനുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് വേദനിപ്പിക്കുന്നത്.

‘ഡോക്ടറേറ്റ് കിട്ടിയെങ്കിലും അത് ഏറ്റുവാങ്ങാന്‍ എന്റെ ഉമയ്ക്കു സാധിച്ചില്ല. പക്ഷേ ചടങ്ങിനിടെ വേദിയില്‍ അവളുടെ സാന്നിധ്യമുണ്ടായിരുന്നു. അവള്‍ക്കു പകരം അവളുടെ സഹോദരനാണ് അംഗീകാരം ഏറ്റുവാങ്ങിയത്. ഡോക്ടറേറ്റ് നേടുന്നതിനായി അവള്‍ അതികഠിനമായി അധ്വാനിച്ചു. അതിനായി എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്തു. വിടവാങ്ങുന്നതിനു മുന്‍പ് അവള്‍ വൈവയും മറ്റു ടെസ്റ്റുകളുമെല്ലാം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. അങ്ങനെ അവള്‍ ഒരു വിജയിയായി ഉയര്‍ന്നു വന്നു. ഈ ലോകത്തിലെ ഏറ്റവും അഭിമാനിയായ ഭര്‍ത്താവ് ഞാന്‍ ആണ്, തീര്‍ച്ച’,- മനു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മസ്തിഷകാഘാതത്തെ തുടര്‍ന്നായിരുന്നു 35കാരിയായ ഉമയുടെ അന്ത്യം. ശക്തമായ തലവേദനയെത്തുടര്‍ന്ന് പുലര്‍ച്ചെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം സംഭവിക്കുന്നത്. എറണാകുളത്താണ് മനുവും കുടുംബവും താമസിക്കുന്നത്. ഇരുവര്‍ക്കും അഞ്ച് വയസായ മകളുണ്ട്. കോളേജ് അധ്യാപകയായിരുന്നു ഉമ. ഗുലുമാല്‍ ദി എസ്‌കേപ്, പ്ലസ് ടു, അയാള്‍ ഞാനല്ല എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകനാണ് മനു.