കൊച്ചി: സനുമോഹന്റെ ഫ്‌ലാറ്റില്‍ നിന്ന് കണ്ടെത്തിയ രക്തക്കറ മകള്‍ വൈഗയുടേത് തന്നെയെന്ന് സ്ഥിരീകരണം. കേസിലെ നിര്‍ണ്ണായക തെളിവായ ഡിഎന്‍എ ഫലം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

ശ്വാസം മുട്ടിച്ചപ്പോള്‍ കുട്ടിയുടെ മൂക്കില്‍ നിന്ന് വന്ന രക്തമാകാം ഫ്‌ലാറ്റില്‍ നിന്ന് കണ്ടെത്തിയതെന്നാണ് പൊലീസ് പറയുന്നത്. കൊച്ചിയിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയതിന് ശേഷം സനു മോഹനെ കോയമ്ബത്തൂര്‍ എത്തിച്ചും തെളിവെടുപ്പ് നടത്തി.

സനുമോഹന്‍ കോയമ്ബത്തൂരില്‍ വെച്ച്‌ വിറ്റ വാഹനത്തിലും പൊലീസ് പരിശോധന നടത്തി. കാര്‍ അടുത്തദിവസം കൊച്ചിയിലെത്തിക്കും. സനു മോഹന്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മറ്റിടങ്ങളിലും പരിശോധന തുടരുകയാണ്.

അടുത്ത ദിവസങ്ങളില്‍ പൊലീസ് സനു മോഹന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് പറയുന്ന ബെഗളൂരുവിലേയും ഗോവയിലേയും ഇടങ്ങളില്‍ എത്തിച്ച്‌ തെളിവെടുപ്പ് നടത്തും. അതേസമയം വൈഗയുടെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യമുണ്ടായത് എങ്ങനെ എന്നത് സംബന്ധിച്ച്‌ അന്വേഷണ സംഘത്തിന് ഇപ്പോഴും വ്യക്തതയായിട്ടില്ല.

വൈഗ കൊലപാതകവും, സനുവിന്റെ തിരോധാനവും വ്യക്തമായ ആസൂത്രണത്തോടെ നടത്തിയതാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ടൂര്‍ യാത്ര നടത്തുന്നത് പോലെയായിരുന്നു സനു കേരളം വിട്ട ശേഷം നടത്തിയ യാത്രകളെന്ന് അന്വേഷണ സംഘം പറയുന്നു. സനുവിന്റെ ഭൂതകാലം പരിശോധിച്ചു വരുമ്ബോഴും ദുരൂഹതകളിലേക്കാണ് അന്വേഷണം നീളുന്നത്.