തിരുവനന്തപുരം: സൗജന്യ വാക്‌സിന്‍ നല്‍കുമെന്ന് പ്രഖ്യാപിക്കുകയും കേന്ദ്ര സര്‍ക്കാരിനോട് സൗജന്യം ആവശ്യപ്പെട്ട് കത്തെഴുതുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളി സംവാദകന്‍ ശ്രീജിത് പണിക്കര്‍. സാറിന്റെ സര്‍ക്കാര്‍ 5000 കോടി രൂപ മിച്ചം വെച്ചിട്ടാണ് ഇറങ്ങുന്നത് എന്നല്ലേ ധനമന്ത്രി തോമസ് ഐസക് സാര്‍ പറഞ്ഞത്? അതില്‍ നിന്നും ഒരു 1400 കോടി മുടക്കി കേരളത്തില്‍ എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ എന്ന സാറിന്റെ പ്രഖ്യാപനം നടപ്പിലാക്കിക്കൂടേ സാര്‍ എന്ന് ശ്രീജിത് ഫേസ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം-

പിണറായി സാറേ, ഉത്തര്‍പ്രദേശില്‍ എല്ലാവര്‍ക്കും മെയ് 1 മുതല്‍ വാക്‌സിന്‍ സൗജന്യമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. ആവശ്യമായ അളവില്‍ അവര്‍ വാക്‌സിന്‍ വാങ്ങുമത്രേ.

സാറും പറഞ്ഞില്ലേ കേരളത്തില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന്? എന്നിട്ട് അതിന്റെ പണം കേന്ദ്രം മുടക്കണം എന്ന് ആവശ്യപ്പെട്ട് കത്തെഴുതിയാല്‍ പിന്നെ സാര്‍ സൗജന്യമായി നല്‍കുമെന്ന് പറയുന്നതില്‍ എന്താ കാര്യം; കേന്ദ്രം സൗജന്യമായി നല്‍കും എന്ന് പറഞ്ഞാല്‍ പോരേ?

മൊത്തം വാക്‌സിന്‍ ഉല്പാദനത്തിന്റെ 50% കേന്ദ്രസര്‍ക്കാര്‍ വാങ്ങി നിലവിലേതുപോലെ, രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ 45 വയസ്സിനു മുകളില്‍ ഉള്ളവര്‍ക്ക് സൗജന്യമായി സര്‍ക്കാര്‍ സംവിധാനം വഴി നല്‍കുമെന്നും, കൂടുതല്‍ ആവശ്യമുണ്ടെങ്കില്‍ സംസ്ഥാനങ്ങള്‍ പ്രത്യേകം വാങ്ങണമെന്നും അല്ലേ സാറേ കേന്ദ്രം പറയുന്നത്?

നിലവിലെ ഓര്‍ഡര്‍ കഴിഞ്ഞാല്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന അതേ വിലയില്‍ തന്നെയാണ് വാക്‌സിന്‍ നല്‍കുക എന്നല്ലേ സാറേ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പറഞ്ഞത്?

സാറിന്റെ സര്‍ക്കാര്‍ 5000 കോടി രൂപ മിച്ചം വെച്ചിട്ടാണ് ഇറങ്ങുന്നത് എന്നല്ലേ ധനമന്ത്രി തോമസ് ഐസക് സാര്‍ പറഞ്ഞത്?

അതില്‍ നിന്നും ഒരു 1400 കോടി മുടക്കി കേരളത്തില്‍ എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ എന്ന സാറിന്റെ പ്രഖ്യാപനം നടപ്പിലാക്കിക്കൂടേ സാര്‍?

പറ്റില്ല, അല്ലേ?