ഒഹിയോ: അമേരിക്കയില്‍ കറുത്തവര്‍ഗക്കാരിയായ 16കാരിയെ പൊലീസ് വെടിവെച്ചു കൊന്നു. 16കാരി മാഹിയ ബ്രയാന്‍റാണ് കൊല്ലപ്പെട്ടത്. ഒഹിയോ സംസ്ഥാനത്തിന്‍റെ തലസ്ഥാനമായ കൊളംബസിലായിരുന്നു സംഭവം. കത്തി ഉപയോഗിച്ച്‌ മറ്റൊരാളെ ആക്രമിക്കാന്‍ മുതിര്‍ന്ന പെണ്‍കുട്ടിയെ പൊലീസ് വെടിവെക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

സംഭവം വിവാദമായതോടെയാണ് വെടിവെച്ച പൊലീസ് ഉദ്യോഗസ്ഥന്‍റെ ബോഡി കാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടത്. വീടിന് പുറത്ത് നില്‍ക്കുന്ന സംഘവുമായി വാക് പോരുണ്ടാകുന്നതും കൈയ്യില്‍ കത്തിയും പിടിച്ചു നില്‍ക്കുന്ന മാഹിയ മറ്റൊരാളെ ചവിട്ടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ് .

16 കാരിയുടെ കൊലപാതകം വിവാദമായതോടെ കൗമാരക്കാരിയെ വെടിവെച്ച പൊലീസ് ഉദ്യോഗസ്ഥനോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു.