മലപ്പുറം: വെട്ടിച്ചിറ ചോറ്റൂരില്‍ 21 കാരിയായ സുബീറ ഫര്‍ഹത്തിനെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തി കുഴിച്ചു മൂടിയ കേസില്‍ പ്രതി മുഹമ്മദ് അന്‍വറുമായി പൊലീസ് സംഘം തെളിവെടുപ്പു നടത്തി. ജോലി ചെയ്യുന്ന ദന്തല്‍ ക്ലിനിക്കിലേക്ക് പോകാന്‍ സുബീറ വീട്ടില്‍ നിന്നിറങ്ങി നടന്നു പോകവേ നൂറു മീറ്റര്‍ അകലെയുളള ആളൊഴിഞ്ഞ ഭാഗത്തുവച്ചാണ് പ്രതി കടന്നാക്രമിച്ചത്. ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. മൃതദേഹം ചാക്കിലാക്കി സൂക്ഷിച്ചു. തുടര്‍ന്ന് ചെങ്കല്‍ ക്വാറിക്ക് താഴെയുളള ഭാഗത്ത് സ്വയം കുഴിയെടുത്ത് അന്നു വൈകിട്ടു തന്നെ മൃതദേഹം കുഴിച്ചുമൂടുകയായിരുന്നു.ഇതിനിടെ യുവതിയുടെ സ്വര്‍ണാഭരണങ്ങളും കവര്‍ന്നു.കഴിഞ്ഞ മാര്‍ച്ച്‌ 10ന് സുബിറയെ കാണാതായതിനു ശേഷം വീട്ടുകാരും പോലീസും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.ചെങ്കല്‍ക്വാറിയില്‍ നിന്ന് മണ്ണു മാറ്റുബോഴും സഹായിയായി നിറഞ്ഞു നിന്ന ശേഷമാണ് പിടിവീണത്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി. കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വിശദമായ ചോദ്യം ചെയ്യലിനു ശേഷം വ്യക്തമാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.