കൊറോണ വൈറസ് രോഗബാധ ലോക വ്യാപകമായി പടര്‍ന്നു പിടിക്കുന്നതിന്റെ കാരണമെന്താണെന്നതിനെ കുറിച്ചുള്ള അന്വേഷണത്തിലാണ് ഗവേഷകര്‍. അതിനെക്കുറിച്ച്‌ പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ഹൂസ്റ്റണില്‍ നിന്നുള്ള ഗവേഷക സംഘം. കൊറോണ വ്യാപകമായി പടര്‍ന്നു പിടിക്കുന്നതിന്റെ കാരണങ്ങളിലൊന്ന് വൈറസിന് സംഭവിച്ച ജനിതക മാറ്റമെന്നാണ് ഈ ഗവേഷകര്‍ പറയുന്നത്. mBIO എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പഠനത്തിലാണ് ഗവേഷകര്‍ ഇക്കാര്യം അറിയിച്ചത്.

കൊറോണ വൈറസിന്റെ പുറം ആവരണത്തില്‍ കാണപ്പെടുന്ന സ്‌പൈക്ക് പ്രോട്ടീനുകളില്‍ സംഭവിച്ച്‌ ജനിതക മാറ്റമാണ് കൂടുതല്‍ പേരിലേക്ക് രോഗം പകരാനും ചുരുങ്ങിയ സമയത്തിനകം പുതിയ ക്ലസ്റ്ററുകള്‍ രൂപപ്പെടാനും കാരണമായതെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു.

വൈറസ് നമ്മുടെ ശരീരത്തിനുള്ളിലേക്ക് കടക്കുമ്ബോള്‍ കോശങ്ങളിലേക്ക് പ്രവേശിക്കുന്നത് ഈ സ്‌പൈക്ക് പ്രോട്ടീനുകള്‍ ഉപയോഗിച്ചാണ്. എളുപ്പത്തില്‍ കോശങ്ങളിലേക്ക് കയറിപ്പറ്റാന്‍ വേണ്ടുന്ന തരത്തിലുള്ള മാറ്റം വൈറസിന് ഈ ഘട്ടത്തില്‍ സംഭവിച്ചിരിക്കാമെന്നും പഠനം വിലയിരുത്തുന്നു.