ലയാളത്തിലെ തലമുതിര്‍ന്ന നടന്‍ സിദ്ധീക്കും അമ്മ എന്ന സംഘടയും തമ്മിലുള്ള പ്രശ്‌നങ്ങളെല്ലാം പരസ്യമാണ്. സംഘടനയിലെ ചിലര്‍ക്കെതിരെ സംസാരിച്ച താരത്തിന് വിലക്ക് വരെ നേരിടേണ്ടിവന്നിരുന്നു. പല പ്രശസ്തരും ഇതിന്റെ പേരില്‍ തിലകനോട് ഉടക്കിയിരുന്നു. ഇപ്പോഴിതാ താരസംഘടനയായ അമ്മയ്ക്ക് വേണ്ടി നടന്‍ തിലകനോട് എതിര്‍ത്ത് സംസാരിച്ചത് തെറ്റായിപ്പോയെന്ന് തുറന്നു പറഞ്ഞിരിക്കയാണ് നടന്‍ സിദ്ധിഖ്. അതില്‍ നല്ലതു പോലെ കുറ്റബോധമുണ്ടെന്ന് കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്കിയ അഭിമുഖത്തില്‍ സിദ്ധിഖ് പറഞ്ഞു. തിലകന്‍ ചേട്ടനുമായി മികച്ച ബന്ധമാണുണ്ടായിരുന്നതെന്നും അത് താനായിട്ട് നശിപ്പിക്കുകയായിരുന്നുവെന്നും സിദ്ധിഖ് വ്യക്തമാക്കി. എങ്കിലും തിലകനോട് നേരിട്ട് തന്നെ മാപ്പു പറഞ്ഞതായും സിദ്ദീഖ് പറയുന്നുണ്ട്.

സിദ്ദിഖിന്റെ വാക്കുകള്‍ ഇങ്ങനെയാണ്

അസോസിയേഷന്റെ ഭാഗത്ത് നിന്ന് തിലകന്‍ ചേട്ടനെ എതിര്‍ത്ത് സംസാരിക്കുകയായിരുന്നു അന്ന് ചെയ്തത്. അത് വലിയ തെറ്റായി പോയെന്ന് പിന്നീട് കുറ്റബോധം തോന്നിയിരുന്നു. തിലകന്‍ ചേട്ടന്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങളെ ശക്തമായി വിമര്‍ശിക്കുകയാ ചെയ്തത്. അത് പിന്നീട് തിലകന്‍ ചേട്ടന്റെ മകള്‍ എന്നോട് പറഞ്ഞു. മറ്റ് പലരും പറഞ്ഞതിനേക്കാള്‍ ചേട്ടന്‍ പറഞ്ഞത് അച്ഛന് ഏറെ വേദനിച്ചുവെന്ന്, അത് വലിയ വേദനയുണ്ടാക്കി.

ഒരു ചാനലിന്റെ പരിപാടിയില്‍ തിലകന്‍ ചേട്ടനും നവ്യ നായരും ഞാനുമായിരുന്നു വിധികര്‍ത്താക്കള്‍. ആ ഷോ പുറത്ത് വന്നില്ല. അന്ന് തനിക്ക് നേരത്തെ പറഞ്ഞ ഭയം ഉള്ളിലുണ്ട്. അദ്ദേഹം ഏത് സമയത്ത് വേണമെങ്കിലും പൊട്ടിത്തെറിക്കാം. നവ്യയ്ക്ക് വളരെ സ്വാതന്ത്ര്യമുണ്ട്. വളരെ വാല്‍സല്യത്തോടെയാണ് അദ്ദേഹം നവ്യയോട് പെരുമാറുന്നത്. എന്നോട് മിണ്ടുന്നുമില്ല. അങ്ങനെ എന്തോ ഒരു പെര്‍ഫോമന്‍സ് കഴിഞ്ഞിട്ട് ഞാനൊരു അഭിപ്രായം പറഞ്ഞു. ചെയ്തതിനെ കുറ്റപ്പെടുത്തി പറയുകയല്ല. അത് മറ്റൊന്നിന്റെ കോപ്പിയാണ്. മറ്റൊരാള്‍ ചെയ്തതിനെ നന്നായി കോപ്പി ചെയ്തു എന്ന് മാത്രമേ പറയാനുള്ളു എന്നാണ് പറഞ്ഞത്. അടുത്തത് തിലകന്‍ ചേട്ടനായിരുന്നു അഭിപ്രായം പറയേണ്ടത്. അദ്ദേഹം മൈക്കെടുത്ത് പറഞ്ഞു, സിദ്ദിഖ് ഒരു അഭിപ്രായം പറഞ്ഞല്ലോ, അത് 100 ശതമാനം ശരിയാണ്. ഒരു കലാകാരനായതുകൊണ്ടാണ് ആ അഭിപ്രായം പറയുന്നത് എന്ന്. നിങ്ങളീ ചെയ്തത് തന്നെ വേറൊരാള്‍ ചെയ്യുന്നത് കണ്ടിട്ടുണ്ട് എന്നും പറഞ്ഞു.

അതിന് ശേഷം ആ ഷോയില്‍ ബ്രേക്കായിരുന്നു. നവ്യ അപ്പുറത്തെക്ക് പോയി. എന്തും വരട്ടയെന്ന് കരുതി ഞാന്‍ തിലകന്‍ ചേട്ടനോട് പറഞ്ഞു. എന്നോട് ക്ഷമിക്കണം. ഞാന്‍ തിലകന്‍ ചേട്ടനോട് ചെയ്യാന്‍ പാടില്ലാത്ത തെറ്റ് ചെയ്തു. അങ്ങനെയൊന്നും പറയാന്‍ പാടില്ലായിരുന്നുവെന്ന്. ആ തിരിച്ചറിവുണ്ടായല്ലോ അതു മതി എന്നാണ് അപ്പോള്‍ അദ്ദേഹം പറഞ്ഞത്. അതിന് ശേഷം ഒരുപാട് സംസാരിച്ചു. അദ്ദേഹമായി ഗാഢമായ ബന്ധമുണ്ടായിരുന്നു. ഞാന്‍ തന്നെയായിരുന്നു അത് നശിപ്പിച്ചത്. സംഘടനയുടെ ഭാഗത്ത് നിന്ന് എതിര്‍ത്ത് സംസാരിച്ചിട്ടുണ്ട്. അതിന് എപ്പോഴും എന്ത് അവസരം കിട്ടിയാലും ഞാന്‍ ക്ഷമചോദിക്കാറുണ്ട്.’ സിദ്ദീഖ് പറഞ്ഞു

ഞങ്ങള്‍ക്കിടയിലുള്ള ബന്ധം അത്രയ്ക്ക് ദൃഢമായിരുന്നു. അദ്ദേഹം ആശുപത്രിയില്‍ കിടക്കുമ്ബോള്‍ ഞാന്‍ എല്ലാ ദിവസവും വിളിക്കുമായിരുന്നു. പിന്നീട് തിരുവനന്തപുരത്തെ വീട്ടില് രണ്ടുമൂന്ന് തവണ പോയി കണ്ടിരുന്നു. ഒരു തവണ ഒപ്പം മമ്മൂക്കയും ഉണ്ടായിരുന്നു. ഞാനായിട്ടുതന്നെയാണ് ആ ബന്ധം നശിപ്പിച്ചുകളഞ്ഞത്. അസോസിയേഷനില്‍ അത്രയും സീനിയര്‍ ആയിട്ടുള്ള ഒരു വ്യക്തി അങ്ങനെ ചെയ്തതിന് ഞാന് അത്രയ്ക്ക് പൊട്ടിത്തെറിക്കേണ്ട കാര്യം ഉണ്ടായിരുന്നില്ല. നല്ലതുപോലെ സംസാരിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ മഞ്ഞ് ഉരുകുമായിരുന്നു. പക്ഷേ എതിര്‍ത്ത് സംസാരിച്ചതിന് ക്ഷമ ചോദിക്കാനുള്ള അവസരം എനിക്ക് കിട്ടിയിട്ടുണ്ട്, ഞാന് ചോദിച്ചിട്ടുമുണ്ടെന്നും താരം വെളിപ്പെടുത്തുന്നു.