ആലപ്പുഴ: ജി സുധാകരനെതിരെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ നല്‍കിയ പരാതിയിലെ പൊല്ലാപ്പുകള്‍ തീര്‍ന്നിട്ടില്ല. അതിനിടെ ആയിരുന്നു കായംകുളം എംഎല്‍എ യു പ്രതിഭയുടെ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റ്.

‘പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍, ചട്ടനെ ദൈവം ചതിക്കും’ എന്നായിരുന്നു ആ പോസ്റ്റ്. താന്‍ അല്ല ആ പോസ്റ്റ് ഇട്ടത് എന്ന് പ്രതിഭ ആവര്‍ത്തിക്കുന്നുണ്ട്. അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്ന് കാണിച്ച്‌ പരാതിയും നല്‍കിയിട്ടുണ്ട്. എന്നാലും ആലപ്പുഴയിലെ വിഭാഗീയ പ്രശ്‌നങ്ങളുടെ പ്രതിഫലനമാണ് ഇതെല്ലാം എന്നാണ് വിലയിരുത്തലുകള്‍. പരിശോധിക്കാം…

ആ പോസ്റ്റിന്റെ കഥ

‘പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍, ചട്ടനെ ദൈവം ചതിക്കും’ എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. ഇതിന് തൊട്ടുപിറകെ ആ ഫേസ്ബുക്ക് പോസ്റ്റ് എഡിറ്റ് ചെയ്യപ്പെടുകയും പ്രതിഭയുടെ ഒരു ഫോട്ടോ അവിടെ ചേര്‍ക്കപ്പെടുകയും ചെയ്തു. ഇതോടെയാണ് ചര്‍ച്ചകള്‍ കൊഴുത്തത്.

ഹാക്ക് ചെയ്യപ്പെട്ടതെന്ന്

‘ എന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തു.. കുറച്ച്‌ മുമ്ബ് എന്റെ പേരില്‍ ആരോ ഒരു പോസ്റ്റ് ഇട്ടു. ഞാന്‍ അറിഞ്ഞതല്ല. അതുകൊണ്ട് മറ്റ് ചര്‍ച്ചകള്‍ ഒഴിവാക്കുക’- എന്നായിരുന്നു യു പ്രതിഭ അധികം വൈകാതെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഫേസ്ബുക്ക് പേജ് തന്നെ നിര്‍ജ്ജീവമാകുകയും ചെയ്തു.

പ്രശ്‌നങ്ങള്‍ക്കിടെ

ജി സുധാകരനെതിരെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ നല്‍കിയ പരാതി വിവാദമായി നില്‍ക്കുന്നതിനിടെ ആയിരുന്നു പ്രതിഭയുടെ പേജില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റ്. പ്രശ്‌നപരിഹാരത്തിന് ചേര്‍ന്ന ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമാകാതെ ഇരിക്കുകയായിരുന്നു എന്നതും ഇതിനോട് ചേര്‍ത്ത് വായിക്കണം. സുധാകരനെതിരെ യോഗത്തില്‍ ഒരു വിഭാഗം വലിയ വിമര്‍ശനം ഉയര്‍ത്തിയിരുന്നു എന്നും ആക്ഷേപമുണ്ട്.

സുധാകരനും പ്രതിഭയും

ആലപ്പുഴ ജില്ലയില്‍ ജി സുധാകരനും യു പ്രതിഭയും തമ്മില്‍ പ്രശ്‌നമുണ്ട് എന്ന രീതിയില്‍ മുമ്ബും വാര്‍ത്തകള്‍ വന്നിട്ടുണ്ട്. സുധാകരന്റെ ചില പരാമര്‍ശങ്ങള്‍ക്കെതിരെ പ്രതിഭ രംഗത്ത് വന്നിരുന്നു. എന്നാല്‍ ഈ പ്രശ്‌നം പാര്‍ട്ടിയ്ക്കുള്ളില്‍ തന്നെ പരിഹരിക്കപ്പെടുകയായിരുന്നു.

പ്രശ്‌നം തുടര്‍ന്നു

ഇതിനിടെ കായംകുളം മണ്ഡലത്തിലെ വികസനപരിപാടികളിലും മന്ത്രിയും എംഎല്‍എയും തമ്മിലുള്ള തര്‍ക്കം പ്രതിഫലിക്കാന്‍ തുടങ്ങി. എംഎല്‍എയെ ഒഴിവാക്കി മന്ത്രി നേരിട്ട് ഇടപെടലുകള്‍ നടത്തുന്നു എന്നായിരുന്നു ആക്ഷേപം. എംഎല്‍എയെ ഒഴിവാക്കി മന്ത്രിയെ മാത്രം ഉള്‍പ്പെടുത്തി വികസന പോസ്റ്ററുകള്‍ വന്നതും വിവാദത്തിന് വഴിവച്ചിരുന്നു.

പാര്‍ട്ടിയും എംഎല്‍എയും

കായംകുളത്ത് യു പ്രതിഭയ്‌ക്കെതിരെ പ്രാദേശിക സിപിഎം, ഡിവൈഎഫ്‌ഐ നേതൃത്വങ്ങള്‍ രംഗത്ത് വന്നതും വലിയ വാര്‍ത്തയായിരുന്നു. ഇത് പരസ്യമായ വാക്‌പോരിലേക്കും നീങ്ങിയിരുന്നു. ജില്ലയിലെ വിഭാഗീയതയുടെ പ്രതിഫലനങ്ങളായാണ് അതിനേയും വിലയിരുത്തിയിരുന്നത്. ജി സുധാകരനെ പിന്തുണയ്ക്കുന്നവരാണ് പ്രതിഭയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നത്. അതുകൊണ്ട് തന്നെയാണ് ഇപ്പോഴത്തെ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് പല ചര്‍ച്ചകളും ഉയര്‍ന്നത്.

സമവായം

എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ യു പ്രതിഭയെ പിന്തുണയ്ക്കാന്‍ മുന്നില്‍ നിന്നത് ജി സുധാകരന്‍ ആയിരുന്നു. പാര്‍ട്ടിയുമായുണ്ടായ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി പ്രതിഭയ്ക്ക് സീറ്റ് നിഷേധിക്കാനുള്ള നീക്കങ്ങള്‍ക്ക് തിരിച്ചടിയായതും സുധാകരന്റെ ഇടപെടല്‍ ആയിരുന്നു.

തീരാത്ത പ്രശ്‌നങ്ങള്‍

വിഭാഗീയ പ്രശ്‌നങ്ങള്‍ തീരാത്ത ജില്ലയാണ് ആലപ്പുഴ. ഒന്നൊഴിയുമ്ബോള്‍ മറ്റൊന്ന് എന്ന നിലയില്‍ അത് ഇപ്പോഴും തുടരുകയാണ്. ജി സുധാകരനെതിരെ പരാതി നല്‍കിയത് പോലും വിഭാഗീയതയുടെ ഭാഗമാണെന്നാണ് പൊതു വിലയിരുത്തല്‍. അതിനിടെ പ്രതിഭയുടെ ഫേസ്ബുക്ക് പേജില്‍ വന്ന പോസ്റ്റ് ഇതുമായി തന്നെ ബന്ധപ്പെടുത്തിയേ വായിക്കാനാവൂ എന്നാണ് ഇടതുപക്ഷത്തെ തന്നെ ചിലര്‍ പറയുന്നത്.