അടുത്ത 50 വര്‍ഷത്തില്‍ ന്യൂസിലാന്‍ഡില്‍ വന്‍ ഭൂചലമുണ്ടായേക്കാമെന്ന് പുതിയപഠനങ്ങള്‍ സൂചിപ്പിയ്ക്കുന്നു. റിക്ടര്‍സ്കെയിലില്‍ 8 വരെ രേഖപ്പെടുത്താവുന്നതായിരിക്കും ഈ ദുരന്തമെന്നും ഇതില്‍ പറയുന്നു. ഓസ്ട്രേലിയന്‍, പസഫിക് ടെക്റ്റോണിക് പ്ലേറ്റുകള്‍ പരസ്പരം വിഭജിയ്ക്കുന്നിടത്ത് തെക്കന്‍ ദ്വീപിനോടുചേര്‍ന്നുകിടക്കുന്ന ആല്‍പൈന്‍ പര്‍വ്വതനിരകള്‍ തകരാനുള്ള സാധ്യത 75 ശതമാനത്തോളമാണെന്നാണ് വിക്ടോറിയ യൂണിവേഴ്സിറ്റി ഓഫ് വെല്ലിംഗ്ടണ്‍ മോഡലിംഗില്‍ നടത്തിയ പഠനങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നത്. നൂറ്റാണ്ടുകളായി, ഇതിനുമുന്‍പും പലതവണ ന്യൂസിലാന്‍ഡില്‍ ഇത്തരത്തിലുള്ള ഭൂചലനങ്ങളുണ്ടായിട്ടുണ്ട്. ഏറ്റവും അവസാനമായി 1717 ല്‍ നടന്ന 8.1 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആല്‍പ്സ് പര്‍വ്വതനിരയില്‍ 380 കിലോമീറ്റര്‍ ദൂരത്തിലാണ് വിള്ളലുണ്ടായത്. ഭൂചലനത്തിന്റെ പരിണിതഫലങ്ങളെ നേരിടാന്‍ കിവീസിനെ സന്നദ്ധരാക്കുവാനായി ” പ്രൊജക്റ്റ് എ എഫ് 8 ” എന്ന പദ്ധതിയും രൂപീകരിച്ചിട്ടുണ്ട്. ന്യൂസിലാന്റിലെ ഭൂചലന കമ്മീഷനും റുഥര്‍ഫോര്‍ഡ് ഫൗണ്ടേഷനും സംയുക്തമായാണ് ഈ പഠനങ്ങള്‍ക്ക് ധനസഹായം നല്‍കിയത്. നേച്ചര്‍ ജിയോസയന്‍സില്‍ ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.