കൊച്ചി: സംസ്ഥാന സഹകരണ റബ്ബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ എംഡിയായി യോഗ്യതയില്ലാത്ത ആളെ നിയമിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെട്ടാണ് നിയമനം നടത്തിയത്. ഈ തസ്തികയിലേക്ക് ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ എംഡിയായി നിയമിക്കണമെന്ന വ്യവസ്ഥയുള്ളപ്പോഴാണ് സ്വകാര്യ മേഖലയില്‍ ജോലി ചെയ്തിരുന്ന എംബിഎക്കാരനായ ഷിറോസ്. എസ്.എയെ നിയമിച്ചത്.

പ്രമുഖ പ്രവാസി വ്യവസായിയുടെ ശുപാര്‍ശയിലാണ് നിയമനം. 2016 ജൂണ്‍ 15ന് 3/2016 -ാം നമ്ബര്‍ സര്‍ക്കാര്‍ ഉത്തരവില്‍ കേരള സംസ്ഥാന സഹകരണ മാര്‍ക്കറ്റിങ് ഫെഡറേഷന്റെ റിക്രൂട്ട്‌മെന്റ് റൂള്‍സ് പുറപ്പെടുവിച്ചിരുന്നു. ഇതില്‍ കാറ്റഗറി(1) മാനേജിങ് ഡയറക്ടര്‍ പോസ്റ്റിന് ഐഎഎസ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നു. സര്‍ക്കാര്‍ ഉത്തരവില്‍ നിയമന രീതി എന്ന ഖണ്ഡികയില്‍ എംഡിയുടെ നിയമനം എങ്ങനെ വേണമെന്നും വ്യക്തമാക്കുന്നു.

സ്വകാര്യ മേഖലയില്‍ നിന്നും റബ്ബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ എംഡിയായി ആദ്യം നിയമനം ലഭിച്ച ആളാണ് ഷിറോസ്. ഒരു പത്ര പരസ്യം നല്‍കി മാത്രമാണ് ഷിറോസിനെ നിയമിച്ചത്. ചട്ടങ്ങളും നിയമങ്ങളും ഷിറോസിന് വേണ്ടി അട്ടിമറിച്ചു. 2019ല്‍ എംഡിയായി നിയമനം ലഭിച്ച ഷിറോസിന് ഒരു ലക്ഷം രൂപ ശമ്ബളവും ഇരുപത്തി അയ്യായിരം രൂപ വാടകയുള്ള ഫഌറ്റും ഒരു കാറും ഡ്രൈവറെയും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.

ഫെഡറേഷനില്‍ അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുന്നതില്‍ ക്രമക്കേടും സ്വജനപക്ഷപാതവും നടക്കുന്നതായും ആരോപണമുണ്ട്. ഒരു ദിവസം മുപ്പത് ടണ്‍ ഒട്ടുപാല്‍ വേണ്ടിവരുന്നു. ഷിറോസ് എംഡിയായതിന് ശേഷം ഒട്ടുപാല്‍ വ്യാപാരികളെ ഉള്‍പ്പെടുത്തി ഒരു വാട്ട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിട്ടുണ്ട്. ആ ഗ്രൂപ്പിലുള്ളവര്‍ക്കേ ഒട്ടുപാല്‍

വിതരണത്തില്‍ പങ്കാളികളാകാന്‍ കഴിയൂ. ഗ്രൂപ്പിലുള്ളവരില്‍ ഭൂരിപക്ഷവും ഒരു പ്രത്യേക വിഭാഗത്തില്‍പ്പെട്ടവരാണ്. ഇവര്‍ക്ക് മാത്രമേ റബ്ബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്റെ ഒട്ടുപാല്‍ ലേലത്തില്‍ പങ്കെടുക്കാന്‍ സാധിക്കു. മുമ്ബ് അതാത് ദിവസത്തെ റബ്ബര്‍ ബോര്‍ഡിന്റെ വിലയും വിപണി വിലയും പരിശോധിച്ച്‌ തുടര്‍ന്ന് നടക്കുന്ന യോഗത്തിലാണ് ഒട്ടുപാലിന്റെ വില തീരുമാനിച്ചിരുന്നത്. ഈ വിലയ്ക്കാണ് വ്യാപാരികളില്‍ നിന്നും ഒട്ടുപാല്‍ ശേഖരിച്ചിരുന്നത്. ഇന്ന് അതിലും മാറ്റം വന്നു.

350 കോടി നഷ്ടത്തിലായ ഫെഡറേഷനില്‍ പുതിയ എംഡിയുടെ ധൂര്‍ത്തും സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയുമാണെന്നും ആരോപണമുണ്ട്. കേരള ബാങ്കില്‍ അടയ്ക്കാനുള്ള 57 കോടി രൂപയ്ക്ക് ജപ്തി നോട്ടീസ് ഫെഡറേഷന് ലഭിച്ചു. തെരഞ്ഞെടുപ്പ് കാരണം ജപ്തി തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്.

സംസ്ഥാനത്തെ വിവിധ പ്രൈമറി റബ്ബര്‍ മാര്‍ക്കറ്റിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളുടെ സംയുക്ത സംരഭമാണ് സംസ്ഥാന സഹകരണ റബ്ബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍. ഭരണം കോണ്‍ഗ്രസിന്റെ കൈയിലാണെങ്കിലും എംഡിയെ തീരുമാനിക്കുന്നത് സര്‍ക്കാരാണ്.

കാഞ്ഞിരപ്പള്ളിയിലും കടുത്തുരുത്തിയിലും പെരുമ്ബാവൂരും ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നു. കോണ്‍ഗ്രസ് നേതാവ് മാത്യു കുളത്തിങ്കലാണ് പ്രസിഡന്റ്. രണ്ട് സര്‍ക്കാര്‍ നോമിനികളും റബ്ബര്‍ ബോര്‍ഡിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരും അടങ്ങുന്ന 13 അംഗ സമിതിക്കാണ് ഭരണച്ചുമതല.