ആലപ്പുഴ: മന്ത്രി ജി സുധാകരനെതിരായ പരാതിയില്‍ തെളിവ് ഹാജരാക്കി പരാതിക്കാരി. കേസിനാധാരമായ ദൃശ്യങ്ങള്‍ ആണ് പോലീസിന് കൈമാറിയിരുന്നത്. മന്ത്രിയുടെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ ആണ് പരാതി നല്‍കിയത്. സ്ത്രീ വിരുദ്ധ പരാമര്‍ശം മന്ത്രി നടത്തിയെന്നായിരുന്നു പരാതി. ഇതിന് ആധാരമായ തെളിവുകള്‍ ആണ് ഇപ്പോള്‍ പോലീസ് നല്‍കിയത്.
പോലീസ് പരാതിക്കാരിയോട് ദൃശ്യങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സ്ത്രീ വിരുദ്ധ പരാമര്‍ശം ആലപ്പുഴയില്‍ ഒരു സ്വകാര്യ ഹോട്ടലില്‍ വച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആണ് മന്ത്രി നടത്തിയതെന്നാണ് ആരോപണം.
അതേസമയം തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഇതിനു പിന്നില്‍ മറ്റ് ലക്ഷ്യങ്ങളാണുള്ളതെന്നും മന്ത്രി ജി സുധാകരന് പറഞ്ഞു. പരാതിക്കാരിയായ മുന്‍ പഴ്സണല്‍ സ്റ്റാഫംഗത്തിന്റെ ഭാര്യ പൊലീസില്‍ പരാതി നല്‍കിയതിനു വേറെ ലക്ഷ്യങ്ങളുണ്ട്. പരാതി ഉന്നയിച്ച പേഴ്സണല്‍ സ്റ്റാഫിന്റെ ഭാര്യയെ തനിക്ക് അറിയില്ല. സ്റ്റാഫ് അംഗം ജോലിക്ക് കൃത്യമായി ഹാജരായിരുന്നില്ല. തനിക്കെതിരെ അവരെ ഉപയോഗിച്ചു എന്നാണ് താന്‍ പറഞ്ഞത്. താന്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ല. ആരെയും മോശമായി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.