വാഷിങ്ടണ്‍: യു.എസിലെ മിനിയപോളിസില്‍ ആഫ്രോ അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്ലോയിഡിന്റെ കൊലപാതകത്തില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥനായ ഡെറിക് ഷോവിന് കുറ്റക്കാരനെന്ന് കോടതി. 45കാരനായ ഷോവിനെതിരായ മൂന്ന് കുറ്റങ്ങളും തെളിഞ്ഞതായി കോടതി പ്രസ്താവിച്ചു.
എട്ട് ആഴ്ചകള്‍ക്കുള്ളില്‍ ഷോവിനെതിരെ ശിക്ഷ വിധിക്കും. 40 വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കാവുന്ന നരഹത്യ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഷോവിനെതിരെ ചുമത്തിയിരിക്കുന്നത്.
മിനിയപോളിസ് കോടതിയുടെ പുറത്ത് വിധിപ്രസ്താവം കേള്‍ക്കുന്നതിനായി വന്‍ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. കോടതി വിധിയില്‍ ജനങ്ങള്‍ ആഹ്ലാദം പ്രകടിപ്പിച്ചു.
19വര്‍ഷമായി മിനിയപോളിസ് പൊലീസ് ഉദ്യോഗസ്ഥനായിരുന്നയാളാണ് ഷോവിന്. 2020 മേയ് 25നായിരുന്നു ജോര്‍ജ് േഫ്ലായിഡിന്റെ കൊലപാതകം. 46കാരനായ േഫ്ലായിഡിനെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി കൊലപ്പെടുത്തുകയായിരുന്നു. ‘എനിക്ക് ശ്വാസം മുട്ടുന്നു’വെന്ന േഫ്ലായിഡിന്റെ വാക്കുകള്‍ മുദ്രാവാക്യമായി ഏറ്റെടുത്ത് നിരവധി പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു.
വിധി വന്നതിന് ശേഷം പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും ജോര്‍ജ് ഫ്ലോയിഡിന്റെ കുടുംബത്തെ ഫോണില്‍ വിളിച്ചിരുന്നു.