ലണ്ടന്‍: ആരാധക പ്രതിഷേധങ്ങള്‍ ഫലം കണ്ടു. ഫിഫയെും യുവേഫയെയും വെല്ലുവിളിച്ച യൂറോപ്യന്‍ സൂപ്പര്‍ ലീഗില്‍ നിന്ന് പിന്‍വാങ്ങുന്നതായി ആറ് പ്രീമിയര്‍ ലീഗ് ക്ലബുകള്‍ അറിയിച്ചു.
മാഞ്ചസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ലിവര്‍പൂള്‍, ചെല്‍സി, ആഴ്സനല്‍, ടോട്ടന്‍ഹാം ഹോട്സ്പര്‍ എന്നീ ടീമുകളാണ് കരാറില്‍ നിന്ന് പിന്‍വാങ്ങിയത്. വന്‍ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സൂപ്പര്‍ ലീഗ് പ്രഖ്യാപിച്ച് 48 മണിക്കൂറിനുള്ളിലാണ് ക്ലബുകള്‍ തീരുമാനമെടുത്തത്.
ക്ലബ് ഉടമസ്ഥരുടെ തീരുമാനത്തിനെതിരായി സ്റ്റേഡിയങ്ങള്‍ക്ക് സമീപം ആരാധകര്‍ പ്രതിഷേധവുമായി ഒത്തുകൂടിയിരുന്നു. സൂപ്പര്‍ ലീഗ് കളിക്കാന്‍ പോകുന്ന ടീമുകളെ പുറത്താക്കുമെന്നായിരുന്നു പ്രീമിയര്‍ ലീഗിന്റെ ഭീഷണി. പ്രീമിയര്‍ ലീഗിലെ ശേഷിക്കുന്ന 14 ടീമുകളും സൂപ്പര്‍ ലീഗിനെ ഏകസ്വരത്തില്‍ തള്ളിക്കളഞ്ഞു.
ലിവര്‍പൂള്‍ കോച്ച് യൂര്‍ഗന്‍ ക്ലോപ്പ്, മഞ്ചസ്റ്റര്‍ സിറ്റി പരിശീലകന് പെപ് ഗാര്‍ഡിയോള എന്നിവര്‍ ലീഗിനോടുള്ള തങ്ങളുടെ എതിര്‍പ്പ് പരസ്യമാക്കിയിരുന്നു. ജോര്‍ദാന്‍ ഹെന്‍ഡേഴ്സണും കെവിന് ഡിബ്രൂയിനും അടക്കമുള്ള കളിക്കാരും തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു.
മാഞ്ചസ്റ്റര്‍ സിറ്റിയാണ് ലീഗില്‍ നിന്നും പിന്‍വാങ്ങുന്നതായി ആദ്യം പ്രഖ്യാപിച്ചത്. സൂപ്പര്‍ ലീഗില്‍ ചേര്‍ന്നത് തെറ്റായിരുന്നുവെന്നും ഇതിനാല്‍ ആരാധകരോട് ക്ഷമ ചോദിക്കുന്നതായും ആഴ്സനല്‍ പ്രസ്താവനയില്‍ പറഞ്ഞു.
സ്റ്റാംഫോഡ് ബ്രിജിന് വെളിയില്‍ ആരാധകര്‍ പ്രതിഷേധവുമായി ഒത്തുചേര്‍ന്നതിന് പിന്നാലെയാണ് റഷ്യന്‍ ശതകോടീശ്വരന്‍ റോമന്‍ അബ്രമോവിചിന്റെ ഉടമസ്തഥയിലുള്ള ചെല്‍സി പിന്മാറാന് തീരുമാനിച്ചത്.
യൂറോപ്പിലെ മുന്‍നിര ക്ലബുകളായ പി.എസ്.ജി, ബയേണ്‍ മ്യൂണിക്ക്, ബൊറൂസിയ ഡോര്‍ട്മുണ്ട്, ആര്.ബി ലെപ്സിഷ് എന്നിവര്‍ ലീഗില്‍ ചേരുന്നില്ലെന്ന് അറിയിക്കുകയും ആരാധക പ്രതികരണം പ്രതികൂലമാവുകയും ചേര്‍ന്നതോടെ സൂപ്പര്‍ലീഗിന്റെ ഭാവി ചോദ്യചിഹ്നമായി മാറി.
ലോക ഫുട്ബാളിനെ ഞെട്ടിക്കുന്ന വാര്‍ത്ത ഞായറാഴ്ച വൈകീട്ടാണ് പുറത്തു വന്നിരുന്നത്. നിലവില്‍ യൂറോപ്യന്‍ ക്ലബ് ഫുട്ബാളിനെ നിയന്ത്രിക്കുന്ന ചാമ്ബ്യന്‍സ് ലീഗിന് മരണമണി മുഴക്കി പുതിയ യൂറോപ്യന്‍ സൂപ്പര്‍ ലീഗുമായി 12 വമ്ബന്‍ ക്ലബുകളാണ് രംഗത്തെത്തിയത്.
നിലവിലെ ആഭ്യന്തര, യൂറോപ്യന്‍ ക്ലബ് മത്സരങ്ങളെ ബാധിക്കില്ലെന്നാണ് മുന്നിട്ടിറങ്ങുന്നവരുടെ വാദമെങ്കിലും പണക്കാരുടെ മാത്രം കളിയായി മാറുമെന്നും ചെറു ക്ലബുകള്‍ കൂടുതല്‍ ഒതുക്കപ്പെടുമെന്നായിരുന്നു മറുവാദം. വമ്ബന്‍ ക്ലബുകളിലേക്ക് മാത്രം പണം സ്വരൂപിക്കുന്നുവെന്നും വിമര്‍ശനമുണ്ട്.
സൂപ്പര്‍ ലീഗില്‍ ആരൊക്കെ?
12 ടീമുകളാണ് സൂപ്പര്‍ ലീഗില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇംഗ്ലണ്ടില്‍ നിന്ന് ആറും (മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍, ആഴ്സനല്‍, ചെല്‍സി, ടോട്ടന്‍ഹാം) സ്പെയിനില്‍ നിന്ന് മൂന്നും (റയല്‍ മഡ്രിഡ്, ബാഴ്സലോണ, അത്ലറ്റികോ മഡ്രിഡ്) ഇറ്റലിയില്‍നിന്ന് മൂന്നും (യുവന്റസ്, എ.സി മിലാന്, ഇന്റര്‍ മിലാന്) ക്ലബുകളാണ് സ്ഥാപക ക്ലബുകള്‍ എന്ന പേരിലുള്ളത്. മൂന്നു ടീമുകള്‍കൂടി ഇതിലേക്ക് വരുമെന്ന് റിപ്പോര്‍ട്ടുണ്ടെങ്കിലും ഏതൊക്കെ ടീമുകളെന്ന് വ്യക്തമല്ല.
ബയേണ്‍ മ്യൂണിക്, ബൊറൂസിയ ഡോര്‍ട്ട്മുണ്ട്, പി.എസ്.ജി തുടങ്ങിയ ടീമുകള്‍ സൂപ്പര്‍ ലീഗില്‍ ചേരാനുള്ള ക്ഷണം നിരസിച്ചു. ഇതോടെ, ജര്‍മന്‍, ഫ്രഞ്ച് പ്രാതിനിധ്യം സൂപ്പര്‍ ലീഗിലുണ്ടാവില്ല. റയല്‍ മഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റീനോ പെരസാണ് സൂപ്പര്‍ ലീഗ് പ്രസിഡന്റ്. യുവന്റസ് ചെയര്മാന് ആന്ദ്രിയ ആഗ്നെല്ലി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കോചെയര്‍മാന്‍ ജോയല്‍ ഗ്ലേസര്‍, ലിവര്‍പൂള്‍ ഡയറക്ടര്‍ ജോണ്‍ ഹെന്റി, ആഴ്സനല്‍ ഉടമ സ്റ്റാന്‍ ക്രോയന്കെ എന്നിവരാണ് വൈസ് ചെയര്മാന്മാര്.
മത്സര രീതി
നിലവിലെ ആഭ്യന്തര മത്സരങ്ങള്‍ക്ക് തടസ്സമുണ്ടാവാത്ത രീതിയില്‍ ആഴ്ചയിലെ ഇടദിവസങ്ങളിലാണ് സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ നടക്കുകയെന്നാണ് സംഘാടകര്‍ പറയുന്നത്. സ്ഥാപക 15 ടീമുകള്‍ കൂടാതെ യോഗ്യത റൗണ്ട് വഴി വര്‍ഷവും അഞ്ച് ടീമുകള്‍ കൂടിയെത്തും. 20 ടീമുകളെ രണ്ടു ഗ്രൂപ്പുകളാക്കി തിരിക്കും.
രണ്ട് ഗ്രൂപ്പുകളിലെയും 10 ടീമുകളും ഹോം ആന്‍ഡ് എവേ അടിസ്ഥാനത്തില്‍ മത്സരിക്കും. ഇരു ഗ്രൂപ്പുകളിലും മുന്നിലെത്തുന്ന മൂന്നു ടീമുകള്‍ വീതം ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടും. നാലും അഞ്ചും സ്ഥാനത്തെത്തുന്ന ടീമുകള്‍ ദ്വിപാദ പ്ലേഓഫ് കളിച്ച് അവസാന രണ്ട് ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകളെ നിര്‍ണയിക്കും. ക്വാര്‍ട്ടറും സെമിയും ദ്വിപാദം. ഫൈനല്‍ നിക്ഷ്പക്ഷവേദിയില് ഒറ്റ മത്സരമായി നടക്കും.
സൂപ്പര്‍ ലീഗ് ആശയത്തിനെതിരെ ഫുട്ബാള്‍ ലോകത്തൊന്നാകെ എതിര്‍പ്പുയരുകയാണ്. പണക്കൊഴുപ്പിെന്റ മാത്രം കളിയായി ഫുട്ബാള്‍ തരംതാഴുമെന്നും എല്ലാ വിഭാഗം ആളുകളെയും ഉള്‍ക്കൊള്ളുന്ന കാല്പന്തുകളിയുടെ തനതു സംസ്കാരം ഇല്ലാതാകുമെന്നും എതിര്‍പ്പുയര്‍ത്തുന്നവര്‍ പരിതപിക്കുന്നു. മുന്‍ താരങ്ങളും ഫുട്ബാള്‍ ഭരണരംഗത്തുള്ളവരുമൊക്കെ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്.
യൂറോപ്യന്‍ ഫുട്ബാള്‍ ഭരണകര്‍ത്താക്കളായ യുവേഫ, ഇംഗ്ലണ്ടിലെ പ്രീമിയര്‍ ലീഗ്, ഇറ്റാലിയന്‍ ഫുടബാള്‍ ഫെഡറേഷനും സീരീ എയും റോയല്‍ സ്പാനിഷ് ഫുട്ബാള്‍ ഫെഡറേഷനും ലാ ലീഗയും സൂപ്പര്‍ ലീഗിനെതിരെ സംയുക്ത പ്രസ്താവനയിറക്കി. നിയമപരമായും അല്ലാതെയും ഇതിനെ നേരിടുമെന്നും ഇവര്‍ വ്യക്തമാക്കി. യൂറോപ്യന്‍ ക്ലബ് അസോസിയേഷനും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.