ടെസ്ല, സ്പേസ് എക്സ് സി.ഇ.ഒ ആയ ഇലോണ്‍ മസ്ക് ഇന്ന് എല്ലാവര്ക്കും സുപരിചിതനാണ്. എന്നാല്‍ ടെക് ലോകത്ത് തിളങ്ങുന്നതിനു മുന്‍പ് ആരാരും അറിയപ്പെടാത്തൊരു കാലമുണ്ടായിരുന്നു അദ്ദേഹത്തിനും. ആദ്യത്തെ വെബ് ബ്രൗസറായ നെറ്സ്കേപ് നേവിഗേറ്റര്‍ ക്രിയേറ്റ് ചെയ്ത നെറ്റ്സ്കേപ് എന്ന കമ്പനിയില്‍ ജോലിക്ക് കയറാന്‍ ഇലോണ്‍ മസ്ക് ശ്രമം നടത്തിയിരുന്നു. അവിടെ ജോലി ലഭിക്കാതെ വന്നതോടെ സ്വന്തമായി സിപ്2 എന്ന കമ്പനി ഇലോണ്‍ മസ്ക് ആരംഭിക്കുകയായിരുന്നു.
നേരത്തെ ഇലോണ്‍ മസ്ക് തന്നെ വെളിപ്പെടുത്തിയിരുന്ന ഈ കഥ പ്രണയ് പാത്തോള്‍ എന്നയാളുടെ ട്വീറ്റോടെയാണ് ഇപ്പോള്‍ പരക്കുന്നത്. ഇലോണ്‍ മസ്ക് തന്നെ ട്വീറ്റിന് മറുപടിയുമായി എത്തിയതോടെയാണ് ട്വീറ്റ് ശ്രദ്ധേയമായത്.
തനിക്ക് തൊണ്ണൂറുകളില്‍ ജോലി ലഭിച്ചിരുന്നുവെന്നും എന്നാല്‍ അത് ഇന്റര്‍നെറ്റ് കമ്പനിയില്‍ ആയിരുന്നില്ലെന്നും അദ്ദേഹം മറുപടിയായി കുറിച്ചു. ഇന്റര്‍നെറ്റ് കമ്പനികള്‍ അധികമുണ്ടായിരുന്നില്ലെന്നതാണ് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഇപ്പോള്‍ 49 വയസായ ഇലോണ്‍ മസ്ക് 27-ാം വയസിലാണ് മില്യണയറാവുന്നത്. തൊണ്ണൂറുകളുടെ ആദ്യത്തില്‍ വീഡിയോ ഗെയിം കമ്പനിയിലാണ് ഇലോണ്‍ മസ്ക് ജോലി ചെയ്തിരുന്നത്. തുടര്‍ന്ന് സ്ഥാപിച്ച സിപ്2 എന്ന കമ്പനിയെ 1999 ല്‍ കോംപാകിന് കൈമാറിയത് 300 മില്യണ്‍ ഡോളറിനാണ്.