ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കോവിഡ് വാക്‌സിന്‍ സൗജന്യമായി ലഭ്യമാക്കും. മെയ് ഒന്നുമുതലാണ് രാജ്യത്ത് 18 വയസിന് മുകളിലുള്ളവരിലേക്കു പ്രതിരോധകുത്തിവയ്പ് വ്യാപിപ്പിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. വെള്ളിയാഴ്ച രാത്രി എട്ടുമുതല്‍ മുതല്‍ തിങ്കളാഴ്ച രാവിലെ ഏഴുവരെ വാരാന്ത്യ ലോക്ഡൗണിനും സര്‍ക്കാര്‍ ഉത്തരവിട്ടു.

അവശ്യസേവനങ്ങള്‍ക്ക് ഇളവുനല്‍കി രാത്രികാല കര്‍ഫ്യൂവും പ്രഖ്യാപിച്ചു. ’18 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കാന്‍ മന്ത്രിമാരുമായി ഇന്ന് നടത്തിയ യോഗത്തില്‍ തീരുമാനിച്ചു. കൊറോണ വൈറസ് പരാജയപ്പെടും. ഇന്ത്യ വിജയിക്കും’ – യോഗി അദിത്യനാഥ് ട്വീറ്റ് ചെയ്തു. ഇതിനായി തയ്യാറെടുപ്പുകള്‍ നടത്താന്‍ ആരോഗ്യവകുപ്പിനോട് നിര്‍ദേശിച്ചു.

20 കോടി ആളുകളുള്ള ഉത്തര്‍പ്രദേശാണ് രാജ്യത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള സംസ്ഥാനം. വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും ലക്ഷ്യംവയ്ക്കുന്ന പ്രായഗണത്തിലുള്ള ആളുകളുടെ വിവരശേഖരണം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. മണിക്കൂറുകള്‍ക്കുള്ളില്‍, അസമിലും സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചുള്ള ഉത്തരവ് ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ട്വീറ്റ് ചെയ്തു.