തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്‌ക്ക് സീറ്റുകള്‍ കുറയുമെന്ന് സി പി ഐ വിലയിരുത്തല്‍. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 19 സീറ്റുകള്‍ നേടിയെങ്കില്‍ ഇത്തവണ 13 സീറ്റിലാണ് പാര്‍ട്ടി വിജയം കണക്കാക്കുന്നത്. 13 മുതല്‍ 16 വരെ സീറ്റുകള്‍ നേടുമെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ തവണ നേടിയ സീറ്റുകള്‍ സി പി എമ്മിനും നിലനിര്‍ത്താന്‍ കഴിയില്ലെന്നും സി പി ഐ കണക്കുകൂട്ടുന്നു. എങ്കില്‍ പോലും 76 മുതല്‍ 83 വരെ സീറ്റുകള്‍ നേടി ഇടത് മുന്നണിക്ക് ഭരണതുടര്‍ച്ചയുണ്ടാവുമെന്നും പാര്‍ട്ടി വിലയിരുത്തുന്നു.

കൊടുങ്ങല്ലൂര്‍, ഒല്ലൂര്‍, നാട്ടിക, കയ്‌പമംഗലം. ചാത്തന്നൂര്‍, പുനലൂര്‍, ചടയമംഗലം, ചിറയിന്‍കീഴ്, ചേര്‍ത്തല, അടൂര്‍, വൈക്കം, നാദാപുരം, കാഞ്ഞങ്ങാട് മണ്ഡലങ്ങളിലാണ് പാര്‍ട്ടി ഉറച്ച വിജയം പ്രതീക്ഷിക്കുന്നത്.

ഇക്കുറി 25 സീറ്റിലാണ് സി പി ഐ മത്സരിച്ചത്. നെടുമങ്ങാട്, കരുനാഗപ്പളളി, പീരുമേട്, മൂവാറ്റുപുഴ, പട്ടാമ്ബി എന്നിവിടങ്ങളില്‍ ബലാബലം മത്സരമാണെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. അതേസമയം, സംസ്ഥാനത്ത് ഇടതുതരംഗമുണ്ടായാല്‍ നൂറ് സീറ്റിനുമുകളില്‍ നേടാനാകുമെന്നാണ് സി പി എം കണക്കുകൂട്ടുന്നത്.