കൊല്ലം: ഏരൂരില്‍ ദൃശ്യം മോഡല്‍ കൊലപാതകം. ജ്യേഷ്ഠനെ അനുജന്‍ കൊലപ്പെടുത്തിയ ശേഷം അമ്മയുടെയും ഭാര്യയുടെയും സഹായത്തോടെ മൃതദേഹം കുഴിച്ചിട്ടു. രണ്ടര വര്‍ഷത്തിന് ശേഷമാണ് കൊലപാതകം നടന്ന വിവരം പുറംലോകം അറിയുന്നത്.

ഏരൂര്‍ സ്വദേശിയായ 44കാരന്‍ ഷാജി പീറ്റര്‍ എന്നയാളെയാണ് അനുജന്‍ സജിന്‍ പീറ്റര്‍ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയത്. 2018ലെ ഓണക്കാലത്തായിരുന്നു സംഭവം.
കൊലപാതകത്തിന് ശേഷം സജിന്‍ പീറ്ററും അമ്മയും ചേര്‍ന്ന് ഷാജിയുടെ മൃതദേഹം രഹസ്യമായി കുഴിച്ച്‌ മൂടുകയായിരുന്നു. ഷാജി പീറ്റര്‍ കൊല്ലപ്പെട്ട വിവരം ഇവര്‍ ഇക്കാലമത്രയും രഹസ്യമായി സൂക്ഷിച്ചു.

ഷാജിയെ അന്വേഷിച്ച്‌ എത്തുന്നവരോട് അദ്ദേഹം മലപ്പുറത്ത് ജോലി ചെയ്യുകയാണെന്ന് പറഞ്ഞ് സജിന്‍ പീറ്ററും കുടുംബവും ഒഴിഞ്ഞുമാറുകയായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഷാജിയെ കുറിച്ച്‌ വിവരങ്ങള്‍ ഒന്നും ലഭിക്കാതിരുന്നതോടെ സംശയം ഏകദേശം തോന്നിയ ഒരു ബന്ധുവാണ് സംഭവത്തെക്കുറിച്ച്‌ പോലീസിന് വിവരം നല്‍കിയത്. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തുകയും ഷാജി പീറ്ററെ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തുകയുമായിരുന്നു.

അവിവാഹിതനായ ഷാജി പീറ്റര്‍ വീട്ടില്‍ നിന്ന് അകന്നുകഴിയുകയായിരുന്നു. 2018ലെ ഓണക്കാലത്താണ് ഇയാള്‍ മടങ്ങിയെത്തിയത്. ഇതിനിടെ സജിന്‍ പീറ്ററിന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയെന്നും തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ സജിന്‍ പീറ്റര്‍ ജ്യേഷ്ഠനെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയെന്നുമാണ് വിവരം. മരിച്ചെന്ന് ഉറപ്പായതോടെ അമ്മയുടെയും ഭാര്യയുടെയും സഹായത്തോടെ വീടിനടുത്തുള്ള പറമ്ബില്‍ ഷാജിയുടെ മൃതദേഹം കുഴിച്ചിടുകയായിരുന്നു.സംഭവത്തില്‍ സജിന്‍ പീറ്റര്‍, അമ്മ പൊന്നമ്മ, ഭാര്യ ആര്യ എന്നിവരെ ഏരൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.